| Saturday, 27th August 2022, 3:03 pm

ഇന്ത്യയില്‍ മികച്ച ക്രമസമാധാനമുള്ള സംസ്ഥാനത്ത് അത് തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറും യു.ഡി.എഫും നടത്തുന്നു: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ബി.ജെ.പി അക്രമണത്തില്‍ പ്രതിഷേധമറിയിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനത്ത് അത് തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റേയും യു.ഡി.എഫിന്റേയും നേതൃത്വത്തില്‍ നടന്നുവരികയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാതിരിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലുകളും ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലുണ്ട്. തിരുവനന്തപുരത്തെ വികസന പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ബി.ജെ.പി- യു.ഡി.എഫ് രാഷ്ട്രീയം തുറന്നുകാട്ടി മുന്നേറുന്ന എല്‍.ഡി.എഫ് ജാഥക്ക് നേരെ കഴിഞ്ഞ ദിവസമാണ് അക്രമണം ഉണ്ടായത്.

അതിന്റെ തുടര്‍ച്ചയായാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുള്ള അക്രമം. അക്രമകാരികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.
ഇക്കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 23 സി.പി.ഐ.എം പ്രവര്‍ത്തകരാണ് ആര്‍.എസ്.എസിന്റേയും, യു.ഡി.എഫിന്റേയും, എസ്.ഡി.പി.ഐയുടേയും കൊലക്കത്തിക്ക് ഇരയായത്. ഇതില്‍ 17 പേരെ കൊലപ്പെടുത്തിയത് ബി.ജെ.പിയാണ്. ഇത്തരം വസ്തുതകള്‍ വാര്‍ത്തയാക്കാതെ നിസാരമായ കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് പാര്‍ട്ടിയെ സംബന്ധിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കാനുള്ള തീവ്രശ്രമങ്ങളാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ടുപോകുന്നവരുടെ നീക്കങ്ങളെ തുറന്നുകാട്ടാനാകണം. പാര്‍ട്ടിയെ സ്നേഹിക്കുന്ന ജനവിഭാഗങ്ങളില്‍ പ്രകോപനം സൃഷ്ടിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നാം പ്രകോപിതരാകരുത്. ഇത്തരം ഇടപെടലുകളെ ജനങ്ങളെ അണിനിരത്തി നേരിടുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കണം. അതിനായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഴുവന്‍ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അക്രമം നടന്ന സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു.

ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഓഫീസിലുണ്ടായിരുന്നു.

CONTENT HIGHLIGHTS: CPIM state secretariat protested against the BJP attack on the Thiruvananthapuram district committee office 

We use cookies to give you the best possible experience. Learn more