| Saturday, 29th June 2019, 8:23 am

ഇടതുപക്ഷം തകര്‍ന്നു പോയെന്ന് മുറ വിളിയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം താത്ക്കാലികമാണെന്ന് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിക്കൊണ്ട് സി.പി.ഐ (എം) വ്യക്തമാക്കിയതാണ്. കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിനേ കഴിയൂവെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങള്‍ അന്ന് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചു.

ഇടതുപക്ഷത്തോട് യാതൊരു ശത്രുതയും ഈ ജനവിഭാഗങ്ങള്‍ക്കുണ്ടായിരുന്നില്ല. കുറവുകള്‍ കണ്ടെത്തി, ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ സി.പി.ഐ (എം) തുടര്‍ന്നും നടത്തും. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാരേയും അഭിവാദ്യം ചെയ്യുകയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

13 ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലും, 4 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും, 5 നഗരസഭാ വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 22 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടി. ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മാന്താട് വാര്‍ഡ് യു.ഡി.എഫില്‍ നിന്നും 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്, യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തത്. ബി.ജെ.പിയ്ക്ക് ഇവിടെ 9 വോട്ടാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലാ വാര്‍ഡുകളിലും ലോകസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് വര്‍ദ്ധിച്ചതായും സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.

We use cookies to give you the best possible experience. Learn more