തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം താത്ക്കാലികമാണെന്ന് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിക്കൊണ്ട് സി.പി.ഐ (എം) വ്യക്തമാക്കിയതാണ്. കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിനേ കഴിയൂവെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങള്‍ അന്ന് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചു.
ഇടതുപക്ഷത്തോട് യാതൊരു ശത്രുതയും ഈ ജനവിഭാഗങ്ങള്‍ക്കുണ്ടായിരുന്നില്ല. കുറവുകള്‍ കണ്ടെത്തി, ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ സി.പി.ഐ (എം) തുടര്‍ന്നും നടത്തും. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാരേയും അഭിവാദ്യം ചെയ്യുകയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.