തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും രണ്ട് രീതിയിലുള്ള സമീപനമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. കൊലയാളി ഇറങ്ങിയാലും നാട്ടില്‍ കാലാപം അഴിച്ചുവിട്ടാലും കട തകര്‍ത്താലും ഞങ്ങളുടെ കോണ്‍ഗ്രസാണെങ്കില്‍ അതെല്ലാം മറന്നേക്കു എന്നാണ് നെറികെട്ട മാധ്യമങ്ങളുടെ സമീപനമെന്നും സ്വരാജ് പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ ‘തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്. എന്ത്ര ജാഥ നടത്തിയാലും കോണ്‍ഗ്രസില്‍ നിന്ന് നേതാക്കന്‍മാര്‍ കൂട്ടമായി ബി.ജെ.പിയിലേക്ക് പോകുകയാണെന്നും സ്വരാജ് പരിഹസിച്ചു.
ഗോവയിലെ കോണ്‍ഗ്രസ് ബി.ജെ.പിയായത് മലയാള മനോരമ തിരുവനന്തപുരത്ത് മത്രമാണ് അവരുടെ ഒന്നാം പേജില്‍ നല്‍കിയത്. കൊല്ലത്ത് ജോഡോ യാത്രയുടെ സംഭാവനയുമായി ബന്ധപ്പെട്ട് പച്ചക്കറിക്കട അടിച്ചുതകര്‍ക്കുകയുണ്ടായി. ഇത് ചെയ്തത് സി.പി.ഐ.എം പ്രവര്‍ത്തകരായിരുന്നുവെങ്കില്‍ മാധ്യമങ്ങളുടെ സമീപനം മറ്റൊന്നാകുമായിരുന്നുവെന്നും സ്വരാജ് പറഞ്ഞു.
‘ചായക്കടയില്‍ കയറി പോസ് ചെയ്താല്‍ പരിഹരക്കുന്നതാണോ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം. രാഹുലിന്റെ ജാഥയില്‍ എല്ലാ കുറ്റവാളികളും അദ്ദേഹത്തിനൊപ്പമുണ്ട്. 20 കാരനായ ധീരജിനെ കൊന്നുകളഞ്ഞ നിഖില്‍ പൈലി എന്ന ലക്ഷണമൊത്ത ക്രിമിനലാണ് ജാഥയിലെ ഒരു അംഗം.
ഏതെങ്കിലും ഒരു ഇടതുപക്ഷ നേതാവ് നയിക്കുന്ന ജാഥയില്‍ ഇതുപോലെ ഒരു കൊലക്കേസ് പ്രതി ആദ്യാവസാനം ജാഥാംഗമായിരുന്നവെങ്കില്‍ എന്ത്ര അന്തി ചര്‍ച്ചകള്‍ കാണേണ്ടിവരുമായിരുന്നു. എത്ര ധാര്‍മികതയുടെ ഗിരിപ്രഭാഷണങ്ങള്‍ കേള്‍ക്കുമായിരുന്നു. എത്ര മുഖപ്രസംഗങ്ങള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇവിടെ നിശബ്ദതയാണ്. സമ്പൂര്‍ണ മൗനമാണ്,’ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ട് ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ല എന്നത് കോണ്‍ഗ്രസ് പരിശോധിക്കണമെന്ന് സ്വരാജ് പറഞ്ഞു.
ബി.ജെ.പിയില്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് റൂട്ടുണ്ടാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയെന്നും ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണെന്നുമായിരുന്നു കഴിഞ്ഞയാഴ്ച എം. സ്വരാജ് ഇതേ പരിപാടിയില്‍ ചോദിച്ചത്.
‘രാജ്യത്തെ ഒരുമിപ്പിക്കുക, ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
പക്ഷെ ജാഥയാകെ കടന്നുപോകുന്നത് 12 സംസ്ഥാനങ്ങളിലൂടെയാണ്. അതില്‍ ഏഴും ബി.ജെ.പിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബി.ജെ.പി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.
രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബി.ജെ.പിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോയിട്ട് നിരങ്ങിനീങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണ്, എന്തിനെതിരെയാണ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരു ധാരണയില്‍ ഇനിയെങ്കിലും എത്തേണ്ടതുണ്ട്.
ഒരുവിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടെയ്‌നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്‌നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തോന്നുന്നത്,’ എന്നായിരുന്നു എം. സ്വരാജ് പറഞ്ഞത്.
CONTEN HIGHLIGHTS: CPIM state secretariat member M. Swaraj said that the media in Kerala has a two-way approach towards the Congress and the Left