Kerala News
ബി.ജെ.പിയില്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് റൂട്ടുണ്ടാക്കി; ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണ്: എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 11, 04:32 pm
Sunday, 11th September 2022, 10:02 pm

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ബി.ജെ.പിയില്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് റൂട്ടുണ്ടാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയെന്നും ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു.

സി.പി.ഐ.എം കേരളയുടെ ഫേസ്ബുക്ക് പേജില്‍ സംപ്രേക്ഷണം ചെയ്യുന്ന തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം. സ്വരാജ്.

‘രാജ്യത്തെ ഒരുമിപ്പിക്കുക, ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

പക്ഷെ ജാഥയാകെ കടന്നുപോകുന്നത് 12 സംസ്ഥാനങ്ങളിലൂടെയാണ്. അതില്‍ ഏഴും ബി.ജെ.പിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബി.ജെ.പി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.

രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബി.ജെ.പിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോയിട്ട് നിരങ്ങിനീങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണ്, എന്തിനെതിരെയാണ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരു ധാരണയില്‍ ഇനിയെങ്കിലും എത്തേണ്ടതുണ്ട്.

ഒരുവിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടെയ്‌നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്‌നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തോന്നുന്നത്,’ എം. സ്വരാജ് പറഞ്ഞു.

യാത്രയില്‍ ഭാഗവാക്കായ 230 പേര്‍ക്ക് കിടക്കാന്‍ കണ്ടെയ്‌നര്‍ മുറികള്‍ ഒരുക്കിയതിനെയാണ് സ്വരാജ് പരിഹസിക്കുന്നത്. 60 കണ്ടെയ്‌നറുകളിലായാണ് കിടക്കാന്‍ മുറികള്‍ ഒരുക്കിയത്. ഒരു കിടക്ക മുതല്‍ 12 കിടക്കകള്‍ വരെയാണ് കണ്ടെയ്‌നറുകളില്‍ ഒരുക്കിയിട്ടുള്ളത്.

ഇവ റെയില്‍വേയുടെ സ്‌ളീപ്പര്‍ കമ്പാര്‍ട്‌മെന്റുകള്‍ പോലെയാണെന്ന് ഭാരത് ജോഡോ യാത്രയുടെ നേതൃത്വം വഹിക്കുന്ന ദിഗ്‌വിജയ് സിങ് പറഞ്ഞു. എല്ലാ ദിവസവും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ട്രക്കുകളില്‍ ഈ കണ്ടെയ്‌നറുകള്‍ എത്തിക്കും. കഴിഞ്ഞ ദിവസം മുതലാണ് കണ്ടെയ്‌നറുകള്‍ ഒരുക്കിയത്.

അതേസമയം, ഭാരത് ജോഡോ യാത്രയെച്ചൊല്ലി ഇടതുപക്ഷ പ്രൊഫൈലുകള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ ആരോപിച്ചു.

ഭാരത് ജോഡോ യാത്രക്ക് ലീഗിന്റെ പച്ചക്കൊടി കെട്ടാന്‍ അനുവദിക്കുന്നില്ലെന്നാണ് പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന ഒരു യാത്രയില്‍ തീര്‍ത്തും മറ്റൊരു പാര്‍ട്ടിയായ ലീഗിന്റെ കൊടി കെട്ടേണ്ടതിന്റെ ആവശ്യമെന്താണെന്നും തഹ്‌ലിയ ചോദിച്ചു.