തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ സി.പി.ഐ.എം രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദ് സംരക്ഷിക്കുന്നതിനായി എന്ത് നടപടി സ്വീകരിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് ജനാധിപത്യ കക്ഷികളെല്ലാം ക്ലീന്‍ചിറ്റ് നല്‍കിയതാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ അന്ന് കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണ് ചെയ്തതെന്നും ഇന്ത്യന്‍ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച സംഭവം കൂടിയായിരുന്നു അതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിമര്‍ശനം ഉയര്‍ത്തി.
ഹിന്ദുത്വ രാഷ്ട്രീയത്തെ ഭരണ നേതൃത്വത്തിലേക്ക് നയിക്കുന്നതിനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നു രാമക്ഷേത്ര നിര്‍മാണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ മതനിരപേക്ഷവാദികള്‍ ഈ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നുവെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.
മുസ്‌ലിങ്ങൾ ആരാധിച്ചിരുന്ന ഒരു ആരാധനാലയം തകര്‍ത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയതിന്റെ ഭാഗമായാണ് ക്ഷേത്ര നിര്‍മാണം നടന്നതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നത് മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.
ഇത് തിരിച്ചറിയാതെ ഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരായി കേരളത്തിലെ കോണ്‍ഗ്രസ് അധപതിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെന്നും ഇത് സംബന്ധിച്ച് യു.ഡി.എഫിലെ ഘടകകക്ഷികളും കേരളത്തിലെ ജനാധിപത്യ സമൂഹവും പ്രതികരിക്കേണ്ടതുണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.
Content Highlight: CPIM state secretariat against VD Satheesan’s statement