അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗിനോട് ആവശ്യപ്പെടുന്നു; ഔഫിന്റെ കൊലപാതകത്തില്‍ എ. വിജയരാഘവന്‍
Kerala News
അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗിനോട് ആവശ്യപ്പെടുന്നു; ഔഫിന്റെ കൊലപാതകത്തില്‍ എ. വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th December 2020, 1:38 pm

തിരുവനന്തപുരം: കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഏറ്റ തിരിച്ചടിക്ക്, ജനങ്ങളില്‍ നിന്നുമുണ്ടായ ഒറ്റപ്പെടലിന് മറുപടി ഇല്ലാത്തതുകൊണ്ടാണ് അക്രമരാഷ്ട്രീയത്തിന്റെ വഴി മുസ്‌ലിം ലീഗ് തെരഞ്ഞെടുത്തതെന്ന് എ. വിജയരാഘവന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചു മാസത്തിനിടെ അക്രമികളാല്‍ കൊല്ലപ്പെടുന്ന ആറാമത്തെ പ്രവര്‍ത്തകനാണ് ഔഫ് അബ്ദുള്‍ റഹ്മാന്‍. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമങ്ങള്‍. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണോ ഇതെന്ന് ശ്രദ്ധിക്കേണ്ടതുണ്ടെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

കെട്ടഴിച്ച് വിടുന്ന ഈ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യം ഈ അവസരത്തില്‍ ഉയര്‍ത്തുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഈ ആക്രമത്തെ പിന്തുണയ്ക്കില്ല.

കോണ്‍ഗ്രസാണ് ഈ ആക്രമങ്ങളെ തുടങ്ങി വെച്ചത്. മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകരെ അവര്‍ കൊലപ്പെടുത്തി. പിന്നീട് ആര്‍.എസ്.എസ് അത് ഏറ്റെടുത്തു. സംഘപരിവാറുകാര്‍ രണ്ട് പേരെ കൊലപ്പെടുത്തി. ഇപ്പോള്‍ മുസ്‌ലിം ലീഗും ആവഴിക്ക് തന്നെയാണ് നീങ്ങുന്നത്.

സി.പി.ഐ.എം ഇതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സമ്യമനം പാലിച്ച് കൊണ്ട് ആളുകള്‍ അവരുടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നാണ് ഈ വിഷയത്തില്‍ ചൂണ്ടിക്കാണിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ് അടക്കമുള്ള ആളുകളോട് ആവശ്യപ്പെടുകയാണെന്നും വിജയ രാഘവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഔഫ് അബ്ദുള്‍ റഹ്മാനെ അക്രമികള്‍ കുത്തി കൊലപ്പെടുത്തുന്നത്. ലീഗാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.ഐ.എമ്മും ഔഫിന്റെ കുടുംബവും ആരോപിക്കുന്നത്. എന്നാല്‍ ഈ വാദത്തെ തള്ളിക്കൊണ്ട് ലീഗ് രംഗത്തെത്തി.

ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദ് ആണ് പ്രതിയെന്നാണ് ഔഫിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷുഹൈബ് പറഞ്ഞത്. ഇര്‍ഷാദ് അടക്കം കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM State secreatary A Vijaya Raghavan responds on DYFI worker’s murder