| Wednesday, 25th July 2012, 3:10 pm

ക്രൈം നന്ദകുമാറിന്റെ പണസ്രോതസ് അന്വേഷിക്കണം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കവിയുര്‍ കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈം നന്ദകുമാറിന്റെ വ്യവഹാര നടപടികള്‍ക്ക് പിന്നിലെ പണസ്രോതസിനെയൂം അധികാരശക്തികളേയും പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്.  സ്വതന്ത്രമായ നിയമ വ്യവസ്ഥയും നീതിനിര്‍വ്വഹണ സംവിധാനവും സംരക്ഷിക്കാന്‍ ഇത് ആവശ്യമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. []

കവിയൂര്‍ കേസില്‍ സി.പി.ഐ.എം നേതാക്കളും മക്കളും മറ്റു ചിലരും കുറ്റക്കാരാണെന്ന വ്യാജമൊഴിനല്‍കാന്‍ കേസിലെ പ്രതി ലതാനായര്‍ക്ക് ഒരുകോടി രൂപ വരെ ക്രൈം വാരികയുടെ നടത്തിപ്പുകാരന്‍ വാഗ്ദാനം ചെയ്തുവെന്ന് കണ്ടെത്തിയ സി.ബി.ഐ ഇയാള്‍ക്കെതിരെ കര്‍ശന നിയമനടപടി ആവശ്യപ്പെട്ടിരിക്കുകയാണ്. കള്ളമൊഴി നല്‍കുന്നതിന് ഒരു കേസിലെ പ്രതിക്ക് അശ്ലീല വാരികയുടെ നടത്തിപ്പുകാരന്‍ ഒരുകോടി രൂപവരെ കൈമാറാന്‍ തയ്യാറായി എന്നത് ഒരു സാധാരണ സംഭവമായി കാണാനാവില്ല.

അതുകൊണ്ട് തന്നെ സി.ബി.ഐയുടെ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത് ഇനിയും പുറത്തുവരാത്ത ഒരു വലിയ ഗൂഢാലോചനയിലേക്കാണ്. പൊതുതാല്‍പര്യത്തിന്റെ മറവില്‍ നന്ദകുമാര്‍ ഇടപെട്ട ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള മറ്റ് കോടതി വ്യവഹാര കേസുകളുടെ വിശ്വാസരാഹിത്യത്തിന്റെ വിശ്വരൂപവും ഈ സംഭവത്തിലൂടെ തെളിയുകളാണ്. ക്രിമിനല്‍ ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന വ്യാജ തെളിവുകളുടെയും മൊഴികളുടെയും ഭരണസംവിധാനത്തിന്റെ പിന്തുണയോടെയും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിരവധി കള്ളകേസുകള്‍ കെട്ടിപൊക്കിയിരിക്കുകയാണ്. ഇതിനു പിന്നില്‍ ഒരു വ്യക്തിയുടെ വൈര്യനിര്യാതനബുദ്ധിക്കപ്പുറമുള്ള കാര്യങ്ങളുണ്ട്.

ലതാനായരെ മാപ്പുസാക്ഷിയാക്കാമെന്ന് നന്ദകുമാര്‍ ഉറപ്പുനല്‍കിയതായാണ് സി.ബി.ഐ റിപ്പോര്‍ട്ട്. നാടിന്റെ ശ്രദ്ധയാകര്‍ഷിച്ച ഒരു പെണ്‍വാണിഭകേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കാമെന്ന ഉറപ്പ് ഒരു അശ്ലീല വാരികക്കാരന് വെറുതെ നല്‍കാനാകില്ല. ഇയാള്‍ക്കു പിന്നില്‍ ഏതോ അധികാര ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകണം. ഇങ്ങനെ കേസുകള്‍ അട്ടിമറിക്കുന്നതിന് പണമൊഴുക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവര്‍ക്ക് സഹായം നല്‍കിയ അധികാര ശക്തികളെയുമെല്ലാം തിരിച്ചറിയേണ്ടതുണ്ട്.  അത് പുറത്തുകൊണ്ടുവരേണ്ടത് ജനാധിപത്യവ്യവസ്ഥയുടെ കരുത്തിനും നീതിന്യായവ്യവസ്ഥയുടെ വിശുദ്ധിക്കും ആവശ്യമാണ്. വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മടികാട്ടരുതെന്നും സി.പി.ഐ.എം  സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more