| Tuesday, 21st April 2020, 1:49 pm

സ്പ്രിംക്ലറില്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം; മുഖ്യമന്ത്രിയ്ക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണപിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷ ആരോപണത്തെ നേരിടാന്‍ സി.പി.ഐ.എം സെക്രട്ടറിയേറ്റ് തീരുമാനം. വിവാദം അനാവശ്യമാണെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ് വിലയിരുത്തി.

സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും കൊവിഡ് പ്രതിരോധത്തിന് പിന്തുണ നല്‍കും. കീഴ്ഘടകങ്ങളില്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കും.

കൊവിഡ് ബാധക്കുശേഷം ആദ്യമായാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നത്. സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ ബോധ്യപ്പെടുത്താനാകുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

കൊവിഡ് ഭീതി കഴിഞ്ഞ് എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

അതേസമയം സ്പ്രിംക്ലര്‍ വിവാദത്തില്‍ ഈ മാസം 24 ന് വീണ്ടും ഹരജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. സ്പ്രിംക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ സ്പ്രിംക്ലറിന് ഇനി ഡാറ്റാ അപ്‌ലോഡ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം വ്യക്തിസുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കൊവിഡ് ഭീതിയില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു.

വിവരങ്ങള്‍ സി-ഡിറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും സേവനം സൗജന്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ മറുപടി അപകടകരമെന്ന് കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തിന് സ്വന്തമായി ഐ.ടി വിഭാഗമില്ലേയൈന്നും ചികിത്സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്നും കോടതി ചോദിച്ചു. കൃത്യമായ ഉത്തരങ്ങള്‍ ഇല്ലാതെ ഇനി ഡാറ്റാ അപ് ലോഡ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more