| Friday, 14th May 2021, 2:49 pm

അതിജീവനത്തിനായി പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഇസ്രാഈല്‍ ആക്രമണത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫലസ്തീനിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ജനതക്കെതിരെ ഇസ്രാഈലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണരണമെന്ന് സി.പി.ഐ.എം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘കിഴക്കന്‍ ജറുസലേമിന്റെ പൂര്‍ണമായ അധിനിവേശം ലക്ഷ്യം വച്ചാണ് മസ്ജിദുല്‍ അഖ്സ പള്ളിക്ക് നേരെ ആക്രമണം നടത്തുന്നത്. റംസാന്‍ വ്രതക്കാലമാണെന്ന് കൂടി പരിഗണിക്കാതെയാണ് ആക്രമണം തുടങ്ങിയത്. ആരാധനാലയമായ അഖ്സ പള്ളി പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചായിരുന്ന പല ബോംബിംഗും. നൂറിലധികം ഫലസ്തീന്‍കാരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഇതില്‍ കുട്ടികളും സ്ത്രീകളുമുണ്ട്. ഫലസ്തീന്‍ ജനത ഈ സ്ഥലം വിട്ട് പോകണമെന്നാണ് ഇസ്രാഈല്‍ പറയുന്നത്. അതിനായി വീടുകളും താമസ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുകയാണ് ഇസ്രാഈല്‍’, പ്രസ്താവനയില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കിഴക്കന്‍ ജറുസലേമിന്റെ പൂര്‍ണമായ അധിനിവേശം ലക്ഷ്യം വച്ചാണ് മസ്ജിദുല്‍ അഖ്സ പള്ളിക്ക് നേരെ ആക്രമണം നടത്തുന്നത്. റംസാന്‍ വ്രതക്കാലമാണെന്ന് കൂടി പരിഗണിക്കാതെയാണ് ആക്രമണം തുടങ്ങിയത്. ആരാധനാലയമായ അഖ്സ പള്ളി പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചായിരുന്ന പല ബോംബിംഗും. നൂറിലധികം ഫലസ്തീന്‍കാരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഇതില്‍ കുട്ടികളും സ്ത്രീകളുമുണ്ട്. ഫലസ്തീന്‍ ജനത ഈ സ്ഥലം വിട്ട് പോകണമെന്നാണ് ഇസ്രാഈല്‍ പറയുന്നത്. അതിനായി വീടുകളും താമസ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുകയാണ് ഇസ്രാഈല്‍.

വ്യോമക്രമണത്തിന് പുറമേ ഇപ്പോള്‍ കരയുദ്ധവും ആരംഭിച്ചതായാണ് വാര്‍ത്ത. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലിന്റെ ചെയ്തികള്‍ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതും യു.എന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെ ലംഘനവുമാണ്. നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറുകയും ഫലസ്തീന്‍ പൗരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അംഗീകരിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ ഈ പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ കഴിയൂ. ഫലസ്തീനിലെ ജനതയ്ക്ക് തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന് പ്രസ്താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രാഈല്‍ തയ്യാറാകുന്നില്ല.

ഇത് അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഇസ്രാഈല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടിരിക്കയാണ് പ്രധാനമന്ത്രി നെതന്യാഹു. നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കുന്നതിനും കൂടിയാണ് ഈ ആക്രമണം. ഇസ്രാഈലില്‍ കഴിയുന്ന ഫലസ്തീന്‍കാര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതില്‍ പോലും കാട്ടുന്ന വിവേചനം കടുത്ത വംശീയ ചിന്തയുടെ പ്രതിഫലനമാണ്.

സ്ഥിതിഗതികള്‍ ഇത്രയും ഗൗരവമുള്ളതായിട്ടും അമേരിക്ക ഇസ്രാഈലിന്റെ നടപടികളെ അപലപിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ പാടില്ല എന്ന സാമ്രാജ്യത്വ ചിന്ത ബൈഡന്‍ ഭരണകൂടവും വച്ചുപുലര്‍ത്തുന്നു എന്നുവേണം മനസ്സിലാക്കാന്‍.

ഫലസ്തീന്‍ ജനതയോടുള്ള ഇന്ത്യയുടെ മുന്‍കാല സമീപനം ബി.ജെ.പി സര്‍ക്കാര്‍ കൈവെടിഞ്ഞത് അപലപനീയമാണ്. ഇസ്രഈല്‍ അധിനിവേശത്തിനെതിരെ ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.
ഫലസ്തീന്‍ വിഷയത്തിലുള്ള സി.പി.ഐ.എം നിലപാട് വളരെ മുന്‍പേ പ്രഖ്യാപിച്ചിട്ടുള്ളതും സുവ്യക്തവുമാണ്. അതിജീവനത്തിനായി പൊരുതുന്ന ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Cpim State Secratariate Contempts Israel Attack

We use cookies to give you the best possible experience. Learn more