തിരുവനന്തപുരം: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, ഷൊര്‍ണ്ണൂര്‍ എം.എല്‍.എയുമായ പി.കെ ശശിക്കെതിരെ യുവതി നല്‍കിയ ലൈംഗികാരോപണക്കേസില്‍ സി.പി.ഐ.എം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. പരാതിയെക്കുറിച്ച് അറിവില്ലെന്ന ശശിയുടെ വാദഗതിയെ ചോദ്യം ചെയ്യുന്നതാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവന.
2018 ആഗസ്റ്റ് 14നാണ് പരാതി ലഭിച്ചതെന്നും, ഇതേ തുടര്‍ന്ന് എം.എല്‍.എയെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി പി.കെ ശശിയുടെ വിശദീകരണം കേട്ടു എന്നാണ് പ്രസ്താവനയിലുള്ളത്. എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് താന്‍ ഇതിനെക്കുറിച്ച് അറിഞ്ഞത് എന്നായിരുന്നു പി.കെ ശശി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
എം.എല്‍.എക്കെതിരായ പരാതിയില്‍ സംസ്ഥാനം നടപടി എടുത്തില്ലെന്നും, കേന്ദ്രം ഇടപെട്ട ശേഷം മാത്രമാണ് നടപടികള്‍ ആരംഭിച്ചത് എന്ന വാദം തെറ്റാണെന്നും പ്രസ്താവനയിലുണ്ട്. ഇത് മാധ്യമ സൃഷ്ടി മാത്രമാണെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നുണ്ട്.
എന്നാല്‍ പരാതി കിട്ടി ഇത്രയും ദിവസമായിട്ടും, പൊലീസിന് കൈമാറാതെ പാര്‍ട്ടിക്കുള്ളില്‍ രഹസ്യമായി സൂക്ഷിച്ചതിനെപ്പറ്റി പരാമര്‍ശങ്ങളില്ല. അന്വേഷണ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും, റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി എടുക്കുമെന്നുമാണ് വിശദീകരണം.
പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പി.കെ ശശിക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.