കോഴിക്കോട്: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എം വയനാട് ജില്ലാ നേതൃത്വത്തിന് നേരെ വിമര്‍ശനം. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമിതിയില്‍ വെച്ചാണ് വിമര്‍ശനമുണ്ടായത്.
രാഹുലിന്റെ ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ സമരമാണ് സംസ്ഥാനസമിതിയില്‍ വിമര്‍ശിക്കപ്പെട്ടത്. സി.പി.ഐ.എമ്മിന്റെ വയനാട് ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനെയൊരു സമരം നടക്കുമോ എന്ന വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.
എസ്.എഫ്.ഐ നടത്തിയ സമരം സി.പി.ഐ.എം ജില്ലാ നേതൃത്വം അറിഞ്ഞില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ പിടിപ്പുകേടാണെന്നും വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ സംസ്ഥാനസമിതിയില്‍ വിശദീകരണം നല്‍കിയിരുന്നു.
ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധപ്രകടനത്തെക്കുറിച്ച് അറിയാമായിരുന്നു, എസ്.എഫ്.ഐ ജില്ലാ നേതൃത്വം ഇതിനെക്കുറിച്ച് അറിയിച്ചിരുന്നു, എന്നാല്‍ പ്രതിഷേധം ഈ നിലയിലേക്ക് പോകുമെന്ന് അറിയില്ലായിരുന്നെന്നും അത് അക്രമത്തില്‍ കലാശിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമാണ് ഗഗാറിന്‍ പറഞ്ഞത്.
രാഹുലിന്റെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ടെന്നും സംസ്ഥാനസമിതിയില്‍ പൊതുവികാരമുണ്ടായതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കുകയും എസ്.എഫ്.ഐ സമരത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിരുന്നില്ല. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനും സാധ്യതയുണ്ട്.
അതേസമയം കേസില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ എസ്.എഫ്.ഐയില്‍ അച്ചടക്ക നടപടിയും ഉണ്ടാകും.
കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ആക്രമണത്തെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത് ഭീരുത്വമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഏറ്റവും നീചമായ സ്ഥിതിയെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിഷയത്തില്‍ പറഞ്ഞത്. രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പ്രതികരിച്ചു.
വെള്ളിയാഴ്ചയായിരുന്നു ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കല്‍പ്പറ്റയിലെ രാഹുലിന്റെ ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന സമയത്ത് കല്‍പ്പറ്റ കൈനാട്ടിയിലെ എം.പി ഓഫീസിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ കയറി ബഹളം വെക്കുകയും ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയുമായിരുന്നു. പിന്നാലെ ദേശീയപാതയില്‍ പൊലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലും തര്‍ക്കമുണ്ടായിരുന്നു.
Content Highlight: CPIM state committee criticize CPIM Wayanad district leadership, for the protest against the office of Rahul Gandhi MP