പരാജയം ജനവികാരം അറിയാത്തതിന് കിട്ടിയ അടി, ബി.ജെ.പിയിലേക്ക് വോട്ടുപോയത് മറച്ചുവച്ചിട്ട് എന്ത് കാര്യം?; കേന്ദ്ര നേതൃത്വത്തിനെതിരെ തിരിഞ്ഞ് സി.പി.ഐ.എം സംസ്ഥാന സമിതി
CPIM
പരാജയം ജനവികാരം അറിയാത്തതിന് കിട്ടിയ അടി, ബി.ജെ.പിയിലേക്ക് വോട്ടുപോയത് മറച്ചുവച്ചിട്ട് എന്ത് കാര്യം?; കേന്ദ്ര നേതൃത്വത്തിനെതിരെ തിരിഞ്ഞ് സി.പി.ഐ.എം സംസ്ഥാന സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2019, 11:03 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ തോല്‍വിയില്‍ സി.പി.ഐ.എമ്മിലെ വിമര്‍ശനങ്ങള്‍ അടങ്ങുന്നില്ല. ബി.ജെ.പിയിലേക്ക് വോട്ടുപോയത് മറച്ചുവച്ചിട്ട് കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. താഴെത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാതെ മുന്നോട്ടുപോകാനാകില്ല. ശബരിമല വിഷയത്തിലെ നിലപാടിലടക്കം താഴെത്തട്ടില്‍ ബോധവല്‍ക്കരണം നടത്തിയാലേ വിശ്വാസി സമൂഹത്തിന്റെ പിന്തുണ വീണ്ടെടുക്കാനാവൂവെന്നും സംസ്ഥാനസമിതിയില്‍ അഭിപ്രായമുയര്‍ന്നു.

കേരളത്തിലെ കനത്ത തോല്‍വിയില്‍ കേന്ദ്ര നേതൃത്വൃത്തിനെതിരെയും സംസ്ഥാനസമിതി വിമര്‍ശനമുന്നയിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനം കേരളത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. ഏകീകൃത നയമില്ലാതിരുന്നത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിച്ചു. കേന്ദ്രനേതൃത്വത്തിന്റെ സമീപനത്തില്‍ വ്യക്തതയുണ്ടായിരുന്നില്ലന്നും സംസ്ഥാന സമിതി അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചു.

ശബരിമല മാത്രമല്ല ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ വ്യത്യസ്ത നയങ്ങളും തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണമായി. ന്യൂനപക്ഷ വോട്ടുകള്‍ വികേന്ദ്രീകരിച്ചുപോകാനുള്ള കാരണമിതാണെന്നാണ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നയം തെറ്റല്ലെന്ന് വിലയിരുത്തുമ്പോഴും വിശ്വാസികളെ ലക്ഷ്യമിട്ടും തെറ്റിദ്ധരിപ്പിച്ചും ബി.ജെ.പിയും കോണ്‍ഗ്രസും നടത്തിയ പ്രചാരണം മറികടക്കാനായില്ലെന്ന ആത്മവിമര്‍ശനവും സംസ്ഥാന സമിതിയിലുയര്‍ന്നു. കേരളത്തിലെ ജനങ്ങളുടെ മനസ് കൈയ്യടക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും സമിതി വിലയിരുത്തി.

കേരളത്തില്‍ സി.പി.ഐ.എമ്മിനെ തോല്‍പിക്കാന്‍ ബി.ജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു. ഇത് മുന്‍കൂട്ടി കാണാനായില്ലെന്നും സംസ്ഥാന സമിതി നിരീക്ഷിച്ചു. പല മണ്ഡലങ്ങളിലെയും തോല്‍വി ഇതിന് ഉദാഹരണമാണെന്നും സമിതി ചൂണ്ടിക്കാട്ടി.

നിലവിലെ രാഷ്ട്രീയ പ്രതിസന്ധി താഴെ തട്ടില്‍നിന്ന് പ്രവര്‍ത്തിക്കാതെ മറികടക്കാനാകില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ച കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു സംസ്ഥാന സമിതി അംഗങ്ങളുടെ വിമര്‍ശനം. പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം എത്രയുംപെട്ടന്ന് ആലോചിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.