| Sunday, 7th July 2019, 9:03 am

കോന്നി പിടിച്ചെടുക്കാന്‍ സി.പി.ഐ.എം; ശബരിമല വിശദീകരിക്കാന്‍ പ്രവര്‍ത്തകരെ പ്രാപ്തരാക്കി ആദ്യനീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ കോന്നി നിയമസഭാ മണ്ഡലം എന്തുവില കൊടുത്തും പിടിച്ചെടക്കാനൊരുങ്ങി സി.പി.ഐ.എം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പേ അനൗപചാരികമായി അവര്‍ പരിപാടികള്‍ സംഘടിപ്പിച്ച് സജീവമാകാനൊരുങ്ങുകയാണ്.

പത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന ശില്‍പ്പശാല സംഘടിപ്പിക്കുന്നുണ്ട്. ശബരിമല വിഷയം ജനങ്ങള്‍ക്കു ബോധ്യമാകുന്ന രീതിയില്‍ വിശദീകരിക്കാന്‍ പ്രവര്‍ത്തകരെ പ്രാപ്തരാക്കുകയാണു പ്രധാന ലക്ഷ്യം. വിഷയത്തില്‍ സംസ്ഥാനത്തെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി മോദിസര്‍ക്കാരിന്റെ മലക്കംമറിച്ചിലിലാണ് സി.പി.ഐ.എമ്മിന്റെ പ്രതീക്ഷ.

താഴെത്തട്ടില്‍ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നതടക്കമുള്ള കാര്യങ്ങളും ഒരുപടി മുന്‍പേ അവര്‍ തുടങ്ങി. എന്നാല്‍ പുറത്തുള്ളവരെയും ചേര്‍ത്ത് സി.പി.ഐ.എം കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

കഴിഞ്ഞതവണ 20,748 വോട്ടിന് മുന്‍മന്ത്രി അടൂര്‍ പ്രകാശ് ജയിച്ച മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെ കിട്ടിയത് 2721 വോട്ടിന്റെ ഭൂരിപക്ഷമാണെന്നുള്ളത് സി.പി.ഐ.എമ്മിന് പ്രതീക്ഷ നല്‍കുന്നതാണ്.

ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ് കോന്നിയില്‍ സ്ഥാനാര്‍ഥിയാവാന്‍ സാധ്യത. മറ്റൊരു പേര് കഴിഞ്ഞതവണ പരാജയപ്പെട്ട അഡ്വ. ആര്‍. സനല്‍കുമാറിന്റേതാണ്.

ആരോഗ്യമന്ത്രി കെ.കെ ശൈലജ, കെ.എന്‍ ബാലഗോപാല്‍, കെ.ജെ തോമസ് എന്നിവര്‍ക്കാണ് സി.പി.ഐ.എം മണ്ഡലത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസിലാവട്ടെ സ്ഥാനാര്‍ഥിക്കുവേണ്ടി എ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു. വി.പി സജീന്ദ്രന്‍ എം.എല്‍.എയാണു മണ്ഡലത്തിന്റെ ചുമതല. ബി.ജെ.പി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് എ.എന്‍ രാധാകൃഷ്ണനെയാണ്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചകളില്‍ കോന്നി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ റോബിന്‍ പീറ്ററിന്റെ പേരാണ് മുമ്പിലുള്ളത്. അടൂര്‍ പ്രകാശിന്റെ പിന്തുണയും റോബിന്‍ പീറ്ററിന് ലഭിച്ചേക്കും. മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി രംഗത്തുണ്ട്. മുന്‍ ഡി.സി.സി പ്രസിഡന്റ് മോഹന്‍രാജ്, പഴകുളം മധു, പ്രയാര്‍ ഗോപാലകൃഷ്ണന്‍, എലിസബത്ത് അബു എന്നിവരുടെ പേരുകളാണ് റോബിന്‍ പീറ്ററിന്റെ പേരല്ലാതെ സജീവമായുള്ളത്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാനാണ് എന്‍.ഡി.എ ശ്രമിക്കുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനോട് കോന്നിയില്‍ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more