യു. പ്രതിഭയെ പരസ്യമായി തള്ളി പാര്‍ട്ടി നേതൃത്വം; 'കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ല, കൂടുതല്‍ വോട്ട് കിട്ടി'
Kerala
യു. പ്രതിഭയെ പരസ്യമായി തള്ളി പാര്‍ട്ടി നേതൃത്വം; 'കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ല, കൂടുതല്‍ വോട്ട് കിട്ടി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd February 2022, 1:12 pm

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് വോട്ട് ചോര്‍ച്ചയുണ്ടായെന്ന യു. പ്രതിഭ എം.എല്‍.എയുടെ വാദം പരസ്യമായി തള്ളി പാര്‍ട്ടി നേതൃത്വം.

കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഏരിയാ സെക്രട്ടറി അറിയിച്ചു. വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഇത്തവണ കൂടുതല്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് കിട്ടിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കണക്കുകള്‍ നിരത്തിയായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നത് കായംകുളത്തായിട്ടും അതു ചര്‍ച്ചയായില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായി നടക്കുകയാണെന്നുമായിരുന്നു യു.പ്രതിഭ എം.എല്‍.എ പറഞ്ഞത്.

തന്നെ തോല്‍പ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചയാളെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ സി.പി.ഐ.എം ഏരിയ കമ്മിറ്റിയെയും പ്രതിഭ വിമര്‍ശിച്ചിരുന്നു.അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍പോലും കായംകുളത്തെ വോട്ടു ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്നായിരുന്നു പ്രതിഭ പറഞ്ഞത്.

ഏതെങ്കിലും നേതാക്കളാണ് ഈ പാര്‍ട്ടിയെന്നു വിശ്വസിക്കുന്നില്ല. ‘കുതന്ത്രം മെനയുന്ന നേതാക്കന്മാരേ, നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല’ എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പ്രതിഭ പറഞ്ഞത്.

തെരഞ്ഞെടുപ്പുകാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും താന്‍ അപ്രിയയായ സ്ഥാനാര്‍ഥിയായിരുന്നു എന്നും പ്രതിഭ പറഞ്ഞിരുന്നു.

അതേസമയം, കായംകുളത്തെ വോട്ടു ചോര്‍ച്ചയെപ്പറ്റി പാര്‍ട്ടിക്കു മുന്നില്‍ പരാതിയൊന്നും വന്നിട്ടില്ലെന്നാണ് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞത്. എം.എല്‍.എ പറയുന്ന വോട്ടു ചോര്‍ച്ചയെപ്പറ്റി അവരോടുതന്നെ ചോദിക്കണം. എം.എല്‍.എയോടു ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് നിയമസഭയിലെ തിരക്കുണ്ടായിരുന്നതിനാല്‍ സാധിച്ചില്ലെന്നും ആര്‍.നാസര്‍ പറഞ്ഞു.

പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നുമായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

ആലപ്പുഴ ജില്ല സമ്മേളന റിപ്പോര്‍ട്ടില്‍ കായംകുളത്തെ വിമതപ്രവര്‍ത്തനം വ്യക്തമായി ഉള്‍പ്പെടാതിരുന്നതാണ് പ്രതിഭയുടെ പരസ്യ വിമര്‍ശനത്തിന് കാരണമെന്നാണ് സൂചന. വിമര്‍ശകര്‍ പാര്‍ട്ടിക്കുള്ളിലും പദവികളിലും സ്വീകാര്യത നേടിയതും പ്രതിഭയെ ചൊടിപ്പിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന പ്രതിഭയെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഒരുവിഭാഗം പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. നഗരസഭ ചെയര്‍മാനും ജില്ല കമ്മിറ്റി അംഗവുമായിരുന്ന എന്‍. ശിവദാസനുമായുള്ള തര്‍ക്കമായിരുന്നു പാര്‍ട്ടിയുമായി ഇടയാന്‍ പ്രധാന കാരണം. ശിവദാസനെ പിന്തുണക്കുന്ന ഡി.വൈ.എഫ്.ഐയിലെ ഒരുവിഭാഗം അന്ന് എം.എല്‍.എക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.

അതിനിടെ കെ.എച്ച്. ബാബുജനെ സ്ഥാനാര്‍ഥിയാക്കണമെന്ന ചര്‍ച്ചയും സജീവമായിരുന്നു. ബാബുജന് അനുകൂലമായി ഏരിയ കമ്മിറ്റിയില്‍ ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ പ്രതിഭ വീണ്ടും സ്ഥാനം ഉറപ്പിക്കുകയായിരുന്നു.