| Thursday, 12th July 2018, 3:41 pm

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദത്തെ പ്രതിരോധിക്കേണ്ടത് നിരോധനം കൊണ്ടല്ല; നിലപാട് വ്യക്തമാക്കി സി.പി.ഐ.എം

ആര്യ. പി

കോഴിക്കോട്: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യൂവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്. അഭിമന്യൂ വധത്തിന് പിന്നാലെ ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം ഈ ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ കേരളത്തില്‍ നിരോധിക്കണമെന്ന ആവശ്യത്തോട് സംസ്ഥാന സര്‍ക്കാരും സി.പി.ഐ.എമ്മും അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. നിരോധനം അജണ്ടയിലില്ലെന്നാണ് ഇടത് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

സംഘടനാ നിരോധനം ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ലെന്നാണ് സി.പി.ഐ.എം നിലപാട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാല്‍ ആ പേര് മാറ്റി മറ്റൊരു പേരില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ട് തന്നെ ഇവരുടെ പ്രവര്‍ത്തനങ്ങളെ സേനയെ ഉപയോഗിച്ച് ശക്തമായി നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യണമെന്നും സാമൂഹികമായി ഒറ്റപ്പെടുത്തണമെന്നുമാണ് സി.പി.ഐ.എം പറയുന്നത്.

നിരോധനം എന്നു പറയുന്നത് നിയമപരവും ഭരണപരവുമൊക്കെയായിട്ടുള്ള പ്രശ്‌നമാണെന്നും സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം ആര്‍.എസ്.എസ് ആയാലും പോപ്പുലര്‍ ഫ്രണ്ടായാലും ഈ സംഘടനകളെയെല്ലാം ബഹുജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തണമെന്നാണ് തീരുമാനമെന്നും ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനും പ്രഭാഷകനും കേളു ഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയരക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”അവര്‍ക്ക് ആശയപരമായിട്ടും സാമൂഹ്യവുമായിട്ടുള്ള എല്ലാ സ്വാധീനങ്ങളും ഇല്ലാതാക്കണം. അതിന് കഴിയുന്ന രീതിയില്‍ സമൂഹത്തിലെ എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളേയും ഏകോപിപ്പിക്കുകയും ഇവരുടെ അക്രമോത്സുകതയും ഇവരുടെ വര്‍ഗീയ അജണ്ടയും നല്ല രീതിയില്‍ തുറന്നുകാണിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് വേണ്ടത്””- കെ.ടി കുഞ്ഞിക്കണ്ണന്‍ പറയുന്നു.

പരിസ്ഥിതി, മനുഷ്യാവകാശം തുടങ്ങിയ മുഖംമൂടികള്‍ അണിഞ്ഞുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുന്നത്. അത്തരം പരിസ്ഥിതി, മനുഷ്യാവകാശ പ്രശ്‌നങ്ങളെയെല്ലാം മുന്‍നിര്‍ത്തിക്കൊണ്ട് അവര്‍ അവരുടെ പൊളിറ്റിക്കല്‍ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.

അവരുടെ പൊളിറ്റിക്കല്‍ അജണ്ട എന്ന് പറഞ്ഞാല്‍, ഇന്നത്തെ നമ്മുടെ സമൂഹം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഒരു ഇസ്‌ലാമിക വ്യവസ്ഥയിലേക്ക് തിരിച്ചുപോകുക എന്നുള്ളതാണ്. ആ ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കാന്‍ വേണ്ടി സാര്‍വ ദേശീയമായി തന്നെ ഖിലാഫത്ത് രൂപീകരിക്കുകയാണ്.ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണ് കേരളത്തിലും ഇന്ത്യയിലുമൊക്കെ പോപ്പുലര്‍ ഫ്രണ്ട് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ പുറത്തുപറയുന്നതല്ല അവരുടെ രാഷ്ട്രീയം, പുറത്തുപറയുന്നതല്ല അവരുടെ പ്രത്യയശാസ്ത്രം. അതിനപ്പുറത്ത് പൊളിറ്റിക്കല്‍ ഇസ്‌ലാം ആണ്. ലോകത്തിലെ പൊളിറ്റിക്കല്‍ ഇസ്‌ലാം ധാരയുടെ ഏറ്റവും അഗ്രസീവായ ഒരു ഗ്രൂപ്പാണ് ഇന്ത്യയിലെ പോപ്പുലര്‍ ഫ്രണ്ടെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ പറയുന്നു.


ഹിന്ദുരാജ്യം വേണ്ടെന്ന് ബി.ജെ.പി പറഞ്ഞാല്‍ പ്രശ്‌നം തീരും: ശശി തരൂര്‍; “ഹിന്ദു പാകിസ്ഥാന്‍” പരാമര്‍ശത്തിലുറച്ച് തരൂര്‍


നിരോധനമല്ല വേണ്ടതെന്ന സി.പി.ഐ.എം നിലപാടിനോട് യോജിപ്പാണെന്ന് മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിനയും ഡൂള്‍ന്യൂസിനോട് പറഞ്ഞു. നിരോധിക്കുന്നത് ഒരു ശരിയായ ആശയമാണെന്ന അഭിപ്രായം തനിക്കില്ലെന്നും നിരോധിക്കുന്നതുകൊണ്ട് അവര്‍ പ്രതിനിധീകരിക്കുന്ന ആശയങ്ങള്‍ ഇല്ലാതാകുന്നു എന്ന് വിചാരിക്കുന്നില്ലെന്നും കെ.കെ ഷാഹിന പറഞ്ഞു.

“”സിമിയെ നിരോധിച്ചിരുന്നല്ലോ പക്ഷേ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായില്ല. നിരോധനം എപ്പോഴും ഒരു സംഘടനയെ വേറൊരു തരത്തില്‍ ശക്തമാക്കുകയാണ് ചെയ്യുക എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

നിരോധിക്കുക എന്നത് ജനാധിപത്യവിരുദ്ധമായിട്ടുള്ള ആശയമാണ്. ഞാന്‍ അതിന് അനുകൂലമല്ല. അവരുടെ പ്രവര്‍ത്തനങ്ങളെ വേര്‍തിരിച്ച് തന്നെ കാണാന്‍ പറ്റണം. എല്ലാ മുസ്‌ലീം സംഘടനകളേയും സംശയത്തോടെ കാണുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നത് അപകടകരമാണ് “”- കെ.കെ ഷാഹിന പറയുന്നു.

കാസര്‍ഗോഡ് റിയാസ് മൗലവി കൊല്ലപ്പെട്ടപ്പോഴൊന്നും ഇത്രയുമൊരു ജാഗ്രതയും ഇത്രയും വലിയ വര്‍ഗീയ വിരുദ്ധമായിട്ടുള്ള നിലപാടുമൊന്നും പൊതുസമൂഹത്തിന് ഉള്ളതായി കണ്ടിട്ടില്ലെന്ന് കെ.കെ ഷാഹിന പറയുന്നു.

“”ആര്‍.എസ്.എസിന്റെ കടുത്ത വര്‍ഗീയതയ്ക്ക് ഇരയായി കൊല്ലപ്പെട്ട നിരവധി പേരുണ്ട്. ഒരുപാട് മുസ്‌ലീങ്ങളുണ്ട്. അപ്പോഴൊന്നും ഇങ്ങനെ കണ്ടിട്ടില്ല. അതിലൊരു പ്രശ്‌നമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനോട് കാണിക്കുന്ന അത്രയും ശക്തമായിട്ടുള്ള കര്‍ക്കശ നിലപാട് എല്ലാതരത്തിലുമുള്ള വര്‍ഗീയ കക്ഷികളോടും ഉണ്ടാകണം എന്നാണ് തോന്നുന്നത്. നിരോധിക്കുക എന്നത് ശരിയായ നിലപാടല്ല. അക്കാര്യത്തില്‍ സി.പി.ഐ.എം പറയുന്ന നിലപാട് ശരിയാണെന്ന് തന്നെയാണ് തോന്നുന്നത്.”” ഷാഹിന പറയുന്നു.

നേരത്തെ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റിനെ (സിമി) 2001 ല്‍ നിരോധിച്ചപ്പോള്‍ അവര്‍ മറ്റൊരു പേരില്‍ വീണ്ടും വന്നെന്നും സിമിയുടെ പ്രധാന പ്രവര്‍ത്തകരില്‍ പലരും ഇപ്പോഴും പോപ്പുലര്‍ ഫ്രണ്ടിലുണ്ടെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ആര്‍.എസ്.എസിനെ മൂന്ന് തവണ നിരോധിച്ചിട്ടും സംഘടനയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

പഴയ സിമിയുടെ നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ട് സ്ഥാപിച്ചത്. പിന്നെയാണ് ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് പരസ്യമായി പ്രചരിപ്പിച്ചുകൊണ്ട് ഒരു മുസ്‌ലീം രാഷ്ട്ര പ്രഖ്യാപനം ഇവര്‍ നടത്തിയതെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

“” സിമിയാണ് പില്‍ക്കാലത്ത് എന്‍.ഡി.എഫ് രൂപീകരിക്കുന്നത്. കേരളത്തിലെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട ഏതെങ്കിലും വികസനം പുരോഗതി, അക്കാദമികം തുടങ്ങി ഇങ്ങനെയുള്ള ഒരു വിഷയത്തിലും അവര്‍ ഇടപെട്ടതായി ആര്‍ക്കും അറിയില്ല.


നിങ്ങള്‍ സൂപ്പര്‍മാനാണെന്നു പറയുന്നു, എന്നാല്‍ ഒന്നും ചെയ്യുന്നുമില്ല: മാലിന്യപ്രശ്‌നത്തില്‍ ലഫ്‌നന്റ് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി


അതേസമയത്ത് മുസ്‌ലീം പെണ്‍കുട്ടിയെ പ്രണയിച്ച മറ്റുസമുദായത്തിലുള്ളവരെ അവര്‍ വധിച്ചിട്ടുണ്ട്. വാടനപ്പള്ളി രാജീവിനെ, കണ്ണൂര്‍ വിനോദ് കുമാറിനെ കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ.. അതുപോലെ ഏതെങ്കിലും പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം ആരെയെങ്കിലും പ്രണയിക്കുകയോ വിവാഹം കഴിക്കാനുള്ള തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്താല്‍ അത് അനുവദിക്കാന്‍ പാടില്ല. അതാണ് മഞ്ചേരിയിലെ തെസ്‌നിബാനു വിഷയത്തില്‍ നടത്തിയത്.

അതുപോലെ ഏതെങ്കിലും സ്ത്രീകള്‍ സ്വതന്ത്രമായി സഞ്ചരിക്കുകയോ അസമയത്ത് എവിടെയെങ്കിലും ബസ്സിറങ്ങുകയോ ചെയ്താല്‍ അവര്‍ക്ക് വേശ്യാവൃത്തിയാണെന്ന് ആരോപിച്ച് അത്തരം സ്ത്രീകളെ പിടിച്ച് മഫ്തയിടിച്ച് പൊതുസമൂഹത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇങ്ങനെയൊക്കെയുള്ള പ്രാകൃതമായിട്ടുള്ള, അവര്‍ ഇസ്‌ലാമിക വ്യവസ്ഥയെന്ന് കരുതുന്ന, ഇതിന് ഇസ് ലാമിക ദര്‍ശനവുമൊക്കെയായിട്ട് യാതൊരു ബന്ധവുമില്ല. അവര്‍ ഇസ്ലാമിക വ്യവസ്ഥയ്ക്കാവശ്യമായ മഹല്ല് പൊലീസുകാരായിട്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിന് കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലീം മത വിശ്വാസികളും എതിരാണ്. – കെ.ടി കുഞ്ഞിക്കണ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

ഇവരുടെ ഈ പൊളിറ്റിക്‌സിനെയും ഇവര്‍ക്ക് പിന്തുണ കൊടുക്കുന്ന ബുദ്ധിജീവികളേയും ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കുകയും വേണമെന്നാണ് സി.പി.ഐ.എം നിലപാട്.

ഐഡന്റിറ്റി പൊളിറ്റിക്‌സിന്റേയും പോസ്റ്റ് മോഡേണിസം പോലുള്ള സിദ്ധാന്തങ്ങളുടേയും ബലത്തില്‍ നിന്നുകൊണ്ടാണ് ഇത്തരം ഗ്രൂപ്പുകളെ പല ഗ്രൂപ്പുകളും പ്രൊമോട്ട് ചെയ്യുന്നത്. അത്തരം വിഭാഗങ്ങളേയും നമ്മുടെ ലോകത്ത് തുറന്ന്കാണിച്ച് ഇവരെ ഒറ്റപ്പെടുത്തുക. ആശയം കൊണ്ടാണ് ഇവരെ തോല്‍പ്പിക്കാന്‍ കഴിയുക. ഇവര്‍ക്ക് ആശയപരമായി നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് അഭിമന്യൂവിനെപ്പോലുള്ള ഇവര്‍ പ്രതിയോഗികള്‍ എന്ന് കാണുന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ വധിക്കുന്നത്.


“പാക്കിസ്ഥാനെ പ്രീണിപ്പിച്ചുകൊണ്ടിരുന്നയാള്‍ അവര്‍ക്കെതിരായോ?”: തരൂരിനാവശ്യം വൈദ്യസഹായമെന്നും സുബ്രഹ്മണ്യന്‍ സ്വാമി


ഇവര്‍ മതഫാസിസ്റ്റ് ,സ്വഭാവമുള്ള സംഘടനയാണ്. അത്തരം ആളുകളെ ഭരണകൂടത്തിന്റെ ഏതെങ്കിലും രീതിയില്‍ അധികാരം ഉപയോഗിച്ച് നിരോധിക്കുകയല്ല വേണ്ടത്, മറിച്ച് ബഹുജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണ് ചെയ്യേണ്ടത് എന്നാണ് സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നിലപാട്.

അതുകൊണ്ട് ഇവരുടെ പ്രവര്‍ത്തനങ്ങളെ സേനയെ ഉപയോഗിച്ച് ശക്തമായി നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യണമെന്നും സാമൂഹികമായി ഒറ്റപ്പെടുത്തണമെന്നും സി.പി.ഐ.എം, സര്‍ക്കാരിനേയും അറിയിച്ചിട്ടുണ്ട്.

അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ദേശവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്ന സംഘടനകളുടെ പ്രവര്‍ത്തനം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തില്‍ നിന്നടക്കം വിവിധ സംഘടനകളെ കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ നയത്തിനും നിലപാടുകള്‍ക്കും രൂപം നല്‍കുന്നുമുണ്ട്.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more