കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.ഐ.എം രംഗത്ത്. സംസ്ഥാനത്ത് തെരുവിൽ യുവതിയെയും യുവാവിനെയും തൃണമൂൽ കോൺഗ്രസ് നേതാവ് ക്രൂരമായി മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വീഡിയോ പുറത്ത് വന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.ഐ.എമ്മും മറ്റ് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി.
ഉത്തർ ദിനാജ്പൂരിലെ ചോപ്ര മേഖലയിലാണ് യുവാവിനും യുവതിക്കും നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ബംഗാൾ പൊലീസ് ജെ.സി.ബി എന്നറിയപ്പെടുന്ന പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു.
വീഡിയോയിൽ ജെ.സി.ബി എന്നറിയപ്പെടുന്ന താജിമുൽ എന്ന വ്യക്തി ദമ്പതികളെ വടികൊണ്ട് ക്രൂരമായി മർദിക്കുന്നതു വ്യക്തമായി കാണാനാകുന്നതാണ്. സി.പി.ഐ.എമ്മും പ്രതിപക്ഷവും സംഭവത്തിന് ഉത്തരവാദി തൃണമൂൽ കോൺഗ്രസും മമത ബാനർജിയുമാണെന്ന് ആരോപിച്ചു. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുവരെയും താജിമുൽ മർദിച്ചത്. നിരവധി ആളുകൾ ഈ ദൃശ്യങ്ങൾ നോക്കി നിൽക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്.
Also Read:രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം; സർവത്ര ആശയക്കുഴപ്പം
മമത ബാനർജിയുടെ ഭരണത്തെ വിമർശിച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മമത ബാനർജിയുടെ ഭരണത്തിന്റെ വൃത്തികെട്ട മുഖമാണ് വീഡിയോ ദൃശ്യങ്ങളിലൂടെ പ്രചരിച്ചതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
പശ്ചിമ ബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും സന്ദേശ്ഖാലി ഉണ്ടെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി സ്ത്രീകള്‍ക്ക് ശാപമാണെന്നും ബി.ജെ.പി ആരോപിച്ചു. തൃണമൂല്‍ എം.എല്‍.എ ഹമീദുര്‍ റഹ്‌മാന്‍ പാർട്ടിക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചു. ഇത് ഗ്രാമത്തിന്റെ കാര്യമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: cpim slams mamatha banargy against the viral video