പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനുള്ള ലീഗ് ആഹ്വാനം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചരണം നടത്താന്‍ സംഘപരിവാറിന് ഊര്‍ജമാകും; സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്
Kerala News
പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനുള്ള ലീഗ് ആഹ്വാനം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചരണം നടത്താന്‍ സംഘപരിവാറിന് ഊര്‍ജമാകും; സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st December 2021, 7:51 pm

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനുള്ള മുസ്‌ലിം ലീഗ് ആഹ്വാനം വര്‍ഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനും ഇടയാക്കുമെന്ന് സി.പി.ഐ.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഈ നീക്കം കാരണമാകുമെന്നും ഇത് അത്യന്തം അപകടകരമാണെന്നും സംഘപരിവാറിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചരണം നടത്താന്‍ ലീഗിന്റെ ആഹ്വാനം ഊര്‍ജം നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ലീഗ് തങ്ങളുടെ സങ്കുചിത വര്‍ഗീയ നിലപാട് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കുള്ള വേദിയാക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് പോലെയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള നീക്കം വിശ്വാസികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

‘അടുത്ത വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയ്ക്കൊപ്പം സര്‍ക്കാരിനെതിരെ ബോധവല്‍ക്കരണം നടത്തുമെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടി ആണെന്നും മതസംഘടനയല്ലെന്നും ഓര്‍മ വേണം. സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ മാതൃകയാണ് ഇവര്‍ കേരളത്തില്‍ നടപ്പാക്കുന്നത്.

നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാല്‍ ലീഗ് അടക്കമുള്ള സംഘടനകള്‍ എന്ത് ന്യായം പറയും?” പ്രസ്താവനയില്‍ പറയുന്നു.

നമസ്‌കാരത്തിനായി പള്ളിയിലെത്തുന്നവരില്‍ എല്ലാ രാഷ്ട്രീയ വിശ്വാസികളുമുണ്ടെന്നും സര്‍ക്കാരിനെതിരെ പ്രസംഗിച്ചാല്‍ അത് വിശ്വാസികളാല്‍ ചോദ്യം ചെയ്യപ്പെടുമെന്നും ഇത് സംഘര്‍ഷത്തിലേയ്ക്ക് നയിക്കുമെന്നും സെക്രട്ടറിയേറ്റിന്റെ പ്രസ്താവന പറയുന്നു.

ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ ലീഗ് മുന്‍പും ശ്രമിച്ചിട്ടുണ്ടെന്നും അതിനെ വിശ്വാസികള്‍ എതിര്‍ത്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

”വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതാണ് പുതിയ നീക്കത്തിന് കാരണമായി പറയുന്നത്. ഈ പ്രശ്‌നം മുസ്‌ലിം മതസംഘടനകളുടെ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എല്ലാവരുടേയും ആശങ്കകള്‍ ദുരീകരിച്ചു മാത്രമേ ഇക്കാര്യം നടപ്പിലാക്കുകയുള്ളു എന്ന് പ്രഖ്യാപിച്ചതുമാണ്.

എന്നാല്‍ മുസ്‌ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സി.പി.ഐ.എമ്മിനോട് കൂടുതല്‍ അടുക്കുന്നത് ലീഗിനെ ഭയപ്പെടുത്തുന്നു. ഈ ഒഴുക്ക് തടഞ്ഞു നിര്‍ത്താന്‍ വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുകയാണ്,” മുസ്‌ലിം ലീഗ് ആഹ്വാനത്തെക്കുറിച്ച് കോണ്‍ഗ്രസ് അടക്കം യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികള്‍ അഭിപ്രായം പറയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചാരണം നടത്തണമെന്ന നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചിരുന്നു. പള്ളികളില്‍ ആശയപ്രചാരണം നടത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നായിരുന്നു സലാമിന്റെ വാദം.

പള്ളികളില്‍ ബോധവത്കരണം നടത്താനുള്ള തീരുമാനം മുസ്‌ലിം സംഘടനകളുടേതായിരുന്നുവെന്നും കണ്‍വീനര്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറഞ്ഞത് എന്നുമാണ് പിഎം.എ സലാം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: CPIM secretariat warning against Muslim League move to protest against Waqf-PSC issue in mosques