| Friday, 22nd April 2022, 5:25 pm

മുന്നണിയിലേക്ക് ലീഗിന് ക്ഷണം; ഇ.പി. ജയരാജന് സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ വിമര്‍ശിച്ച് സി.പി.ഐ.എം സെക്രട്ടേറിയേറ്റ്. ഇ.പി. ജയരാജന്റേത് അനവസരത്തിലുള്ള പ്രസ്താവനയാണെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ഇ.പി. ജയരാജന് നിര്‍ദേശം നല്‍കി. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജയരാജനെതിരെ വിമര്‍ശനമുയര്‍ന്നത്.

എന്നാല്‍ താന്‍ ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും യു.ഡി.എഫ് ദുര്‍ബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണെന്നും ലീഗില്ലെങ്കില്‍ ഒരു സീറ്റും ജയിക്കാനാവില്ലെന്ന ഭയമാണ് കോണ്‍ഗ്രസിനെന്നുമാണ് ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നത്.

ഇടതുമുന്നണിയിലേക്ക് വരുന്നതനുസരിച്ച് അവര്‍ ആലോചിക്കട്ടെ, ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാവില്ല എന്ന ഭയമാണ് കോണ്‍ഗ്രസിന്. പി.സി. ചാക്കോ എവിടെയാണ്, കെ.വി. തോമസ് എവിടെയാണ്, ബി.ജെ.പി ഭരണം അവസാനിപ്പിക്കാനുള്ള എല്ലാ അടവുപരമായ നടപടികളും സി.പി.ഐ.എം സ്വീകരിക്കും, അതാണ് അടവുനയം. കേരളത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി കൂടുതല്‍ ശക്തിപ്പെടും. അതൊരു മനുഷ്യമഹാപ്രവാഹമായി മാറും.

മുന്നണി വിപുലികരണം എല്‍.ഡി.എഫിന്റെ പദ്ധതിയിലുള്ള കാര്യമാണ്. 50 ശതമാനം വോട്ടുകള്‍ നേടുന്ന മുന്നണിയായി എല്‍.ഡി.എഫിനെ വളര്‍ത്തുകയാണ് ലക്ഷ്യം. ആര്‍.എസ്.പിക്കും ഇക്കാര്യത്തില്‍ പുനര്‍ചിന്തനമാകാമെന്നുമായിരുന്നു ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മുന്നണി വിപുലീകരണത്തിന് എല്‍.ഡി.എഫില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും പുതുതായി ചുമതലയേറ്റ ഇ.പി. ജയരാജന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതായിരിക്കുമെന്നും കാനം രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചര്‍ച്ച ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ താനില്ലെന്നും കാനം വ്യക്തമാക്കി.

എന്നാല്‍ ഇടതുമുന്നണിയിലേക്ക് പോവേണ്ട ഗതികേട് ലീഗിനില്ലെന്നായിരുന്നു കെ.പി.എ മജീദ് പ്രതികരിച്ചത്. അത് ലീഗിന്റെ അജണ്ടയില്‍ പോലുമില്ല, ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതല്‍ വളര്‍ന്നിട്ടുള്ളത്. ഭരണമില്ലെങ്കില്‍ ലീഗ് ക്ഷീണിച്ചുപോകില്ല, വളരുകയേയുള്ളുവെന്നും കെ.പി.എ മജീദ് വ്യക്തമാക്കിയിരുന്നു.

Content Highlights: CPIM Secretariat criticize E.P. Jayarajan

We use cookies to give you the best possible experience. Learn more