| Monday, 14th August 2023, 11:21 pm

'പൊതുലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്തെ പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്ന് സി.പി.ഐ.എം. ലൈബ്രറികളെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കി സംഘപരിവാര്‍ പ്രസിദ്ധീകരണ ശാലയുടെ പുസ്തകങ്ങള്‍ക്കൊണ്ട് ലൈബ്രറികള്‍ നിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ശാസ്ത്രീയ ബോധവും പുരോഗമന ചിന്തയും ലൈബ്രറികളില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച ഫെസ്റ്റിവെല്‍ ഓഫ് ലൈബ്രറീസിലാണ് ലൈബ്രറികളെ നിയന്ത്രിക്കാനുള്ള പ്രഖ്യാപനം വന്നത്. ഭരണഘടനയുടെ ഏഴാാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന നിയന്ത്രണത്തിലുള്ള ലൈബ്രറികളെ സമവര്‍ത്തി പട്ടികയില്‍ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ലൈബ്രറികളില്‍ ഇടപെടുന്നതോടെ പ്രാദേശികമായി തീരുമാനമെടുക്കാനുള്ള അവകാശങ്ങളില്ലാതാകും. സ്വയംഭരണം ഇല്ലാതാകുന്നതോടെ എന്ത് വായിക്കണം, എങ്ങനെ വായിക്കണം, ഏതൊക്കെ പുസ്തകങ്ങള്‍ വായിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇത്തരം ഇടപെടലുകളുണ്ടാകും. പ്രാദേശികമായ ആവശ്യങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതായിത്തീരുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ പ്രചരണ ഉപാധിയും, ആവിഷ്‌ക്കാരത്തിനുള്ള മേഖലയുമായി ഇത് മാറുമെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.

കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മുന്നേറ്റത്തില്‍ സജീവമായ പങ്കാളിത്തമാണ് ലൈബ്രറികള്‍ വഹിച്ചിട്ടുള്ളത്. കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളായാണ് ലൈബ്രറികള്‍ മാറിയിട്ടുള്ളത്. 1829-ല്‍ തിരുവനന്തപുരത്ത് ഒരു പബ്ലിക്ക് ലൈബ്രറി ആരംഭിച്ചുകൊണ്ട് രാജ്യത്ത് തന്നെ ഈ രംഗത്ത് ആദ്യമായി കാലുറപ്പിച്ച സംസ്ഥാനമാണ് കേരളം. നവോത്ഥാന ആശയങ്ങളുടേയും, സ്വാതന്ത്ര്യ സമരത്തിന്റെ കാഴ്ചപ്പാടുകളുമെല്ലാം ജനങ്ങളിലെത്തിക്കുന്നതിന് മുമ്പന്തിയില്‍ തന്നെ ഗ്രന്ഥശാലകളുണ്ടായിരുന്നുവെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

‘ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുത്തുകൊണ്ട് മുന്നോട്ടുപോകുന്ന ലൈബ്രറി സംവിധാനത്തെ തകര്‍ക്കുന്നതിനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. വായിക്കുക വളരുകയെന്ന ശീലം കേരളത്തില്‍ വളര്‍ത്തിയെടുത്ത പ്രസ്ഥനമാണ് ഇത്. ഈ മേഖലയില്‍ ഇടപെട്ട് വര്‍ഗ്ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്.
ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയാണ് ഇത്തരം നടപടികള്‍.

സംസ്ഥാന പട്ടികയിലുള്ള സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയത്തിന് രൂപം നല്‍കുകയുണ്ടായി. കാര്‍ഷിക മേഖല സംസ്ഥാന പട്ടികയിലായിരുന്നിട്ടും കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന കാര്‍ഷിക നയമാണ് കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇത്തരത്തില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെപ്പോലും ഇല്ലാതാക്കി തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം,’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  CPIM says that the central government’s move to control public libraries in the country is part of implementing the Hindutva agenda
We use cookies to give you the best possible experience. Learn more