| Monday, 26th December 2022, 12:25 pm

'കേരളത്തിന്റ അന്നംമുട്ടിക്കുന്നു'; റേഷന്‍കടകളിലൂടെയുള്ള അരി വിതരണം വെട്ടിക്കുറച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റേഷന്‍കടകളിലൂടെയുള്ള പുഴുക്കലരി വിതരണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റ അന്നംമുട്ടിക്കുകയാണെന്ന് സി.പി.ഐ.എം. ഇതോടെ അരി വില വീണ്ടും കുതിക്കുമെന്ന് ആശങ്കയുണ്ടെന്നും സി.പി.ഐ.എം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെ പറഞ്ഞു.

അടുത്ത മൂന്നുമാസം വിതരണം ചെയ്യാന്‍ എഫ്.സി.ഐയുടെ പക്കലുള്ളതില്‍ 80 ശതമാനവും പച്ചരിയാണ്. രണ്ട് മാസമായി കേന്ദ്ര അരിവിഹിതത്തില്‍ 10 ശതമാനം മാത്രമാണ് പുഴുക്കലരി ലഭിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി 50 ശതമാനം പച്ചരി ലഭിച്ചിടത്ത് ഇപ്പോള്‍ 90 ശതമാനമാണ് ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഘട്ടംഘട്ടമായി പുഴുക്കലരി വിഹിതം കുറയ്ക്കുകയായിരുന്നു.

നവംബറിലെ വിഹിതത്തില്‍ പുഴുക്കലരി കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഭക്ഷ്യമന്ത്രി പിയൂഷ് ഗോയലിന് സംസ്ഥാനം കത്തയച്ചിരുന്നു. കേരളത്തിനെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ പരിഹാരം ഉണ്ടാകണമെന്നും റേഷന്‍ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുനഃക്രമീകരിക്കുന്നതിനു വേണ്ടിയുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ലെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

റേഷന്‍ കടകളില്‍നിന്ന് പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാര്‍ പൊതുവിപണിയില്‍നിന്ന് കൂടുതല്‍ വില നല്‍കി അരി വാങ്ങേണ്ട അവസ്ഥയാണ്. പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് കാരണം പൊതുമാര്‍ക്കറ്റില്‍ അരിവില കുത്തനെ ഉയരുകയാണ്.

സംസ്ഥാനത്ത് പുഴുക്കലരിക്ക് ഒരുമാസത്തിനിടയില്‍ നാലുമുതല്‍ പത്തുരൂപ വരെയാണ് വര്‍ധിച്ചത്. നിലവില്‍ മുന്‍ഗണനാവിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) 30 കിലോ അരിയും നാല് കിലോ ഗോതമ്പും ഒരുകിലോ ആട്ടയുമാണ് റേഷനായി നല്‍കുന്നത്. ഇതില്‍ പകുതിയിലധികം പച്ചരിയാണ്.

പിങ്ക് കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന പുഴുക്കലരി അളവും കുറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന(പി.എം.ജി.കെ.വൈ) പദ്ധതി പ്രകാരമുള്ള അഞ്ച് കിലോ അരിയില്‍ ഒരുകിലോ മാത്രമാണ് പുഴുക്കലരി. കഴിഞ്ഞ മൂന്ന് മാസമായി കേരളത്തില്‍ 57 ശതമാനം വരുന്ന മുന്‍ഗണനേതര വിഭാഗത്തിന് നല്‍കാനുള്ള ഗോതമ്പും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കൊവിഡ് കാലത്ത് ആരംഭിച്ച പി.എം.ജി.കെ.വൈ പദ്ധതി പ്രകാരമുള്ള അരി വിതരണം ഈമാസം അവസാനിക്കും. മുന്‍പ് പി.എം.ജി.കെ.വൈ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്സിഡി നിരക്കിലുള്ള റേഷനും ലഭിച്ചരുന്നിടത്ത് ഇനിമുതല്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള റേഷന്‍ മാത്രം സൗജന്യമായി വിതരണം ചെയ്യും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ അരി വില വീണ്ടും കുതിക്കുമെന്ന് ആശങ്കയുണ്ട്.
പുഴുക്കലരിയുടെ ലഭ്യതക്കുറവ് മൂലം അരിവാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാല്‍ വിതരണം കുറയുന്നുവെന്നും പറഞ്ഞ് കേന്ദ്രസര്‍ക്കാരിന് അലോട്ട്‌മെന്റ്റില്‍ കുറവ് വരുത്താന്‍ കാരണമാവും. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി സാധാരണക്കാരുടെ അന്നംമുട്ടിക്കുകയാണെന്നും സി.പി.ഐ.എം പറഞ്ഞു.

Content Highlight: CPIM says that the central government is starving Kerala by cutting the supply of wormwood through ration shops

We use cookies to give you the best possible experience. Learn more