| Saturday, 10th December 2022, 9:17 pm

'സംവരണ നിഷേധം, ന്യൂനപക്ഷ ഫെല്ലോഷിപ്പ് നിര്‍ത്തലാക്കല്‍'; ബി.ജെ.പി സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളെ അപമാനിക്കുന്നുവെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ നിരന്തരമായി അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരെന്ന് സി.പി.ഐ.എം. വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട പഠനസഹായത്തിലും ബി.ജെ.പി സര്‍ക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്നും സി.പി.ഐ.എം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിന് പിന്നാലെ മതന്യൂനപക്ഷങ്ങളില്‍പെട്ട എം.ഫില്‍, പി.എച്ച്.ഡി ഗവേഷകര്‍ക്ക് നല്‍കി വന്നിരുന്ന മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തലാക്കി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാര്‍ത്ഥി നിയമനങ്ങളിലുള്ള സംവരണനിഷേധത്തിനും സാമൂഹിക നീതിക്കായുള്ള ഫണ്ടുകളിലെ വെട്ടിക്കുറക്കലിനും പിന്നാലെ പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട പഠനസഹായത്തിലും ബി.ജെ.പി സര്‍ക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്നും സി.പി.ഐ.എം പറഞ്ഞു.

ഒ.ബി.സി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, ഒ.ബി.സി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് മുതലായവയുടെ നടത്തിപ്പിനായി പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും മൂലം നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാതാകും. ഇതിനായുള്ള ഫണ്ട് ലഭ്യതയിലും വലിയ കുറവുണ്ടാകാന്‍ പോകുകയാണ്.

100 ശതമാനം കേന്ദ്രപദ്ധതിയായിരുന്ന ഒ.ബി.സി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പില്‍ കേന്ദ്രവിഹിതം 60 ശതമാനമാക്കി വെട്ടിച്ചുരുക്കി. ബാക്കി ഇനി മുതല്‍ സംസ്ഥാനങ്ങള്‍ കണ്ടെത്തണം. പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള കോഴ്സുകളെ തട്ടുകളാക്കി തരംതിരിച്ച് ഫീസിളവുകള്‍ നിശ്ചയിച്ചത് വഴി സ്‌കോളര്‍ഷിപ്പ് തുകയില്‍ കുറവുണ്ടാകുമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ വ്യക്തമാക്കി.

പട്ടികജാതി വിദ്യാര്‍ഥികളുടെ പോസ്റ്റ്‌മെട്രിക് ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിലും കുറവുകള്‍ ഉണ്ടാകും. രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ കുടുംബവരുമാനമുള്ളവരെ ഈ പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള കേന്ദ്ര വകയിരുത്തലും കുറച്ചിട്ടുണ്ട്.

കൊട്ടിഘോഷിക്കപ്പെടുന്ന പിന്നോക്കക്ഷേമത്തിനായുള്ള ബി.ജെ.പി നിലപാടുകള്‍ പൊള്ളയാണെന്നും ഇതിലേക്കായി അവരെടുക്കുന്ന നടപടികള്‍ നാമമാത്രമാണെന്നും ഇത് തെളിയിക്കുന്നു. കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക, ഗവേഷക നിയമനങ്ങളില്‍ നിരന്തരമായി സംവരണം അട്ടിമറിക്കപ്പെടുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

2021-22 അക്കാദമിക വര്‍ഷത്തില്‍ ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, ഐസെറുകള്‍ ഉള്‍പ്പെടെയുള്ള 12 കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു ദളിത് ഗവേഷകവിദ്യാര്‍ത്ഥിയെയും 22 കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു ആദിവാസി വിദ്യാര്‍ത്ഥിയെ പോലും പ്രവേശിപ്പിച്ചിട്ടില്ല.

കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തില്‍ സംവരണമുറപ്പാക്കാന്‍ വേണ്ട നടപടികളെടുക്കാനും കേന്ദ്രസര്‍ക്കാര്‍ താല്പര്യം കാണിച്ചിട്ടില്ല. ഖരഗ്പൂര്‍ ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളില്‍ രണ്ടായിരത്തില്പരം പിന്നോക്ക വിഭാഗക്കാരായ അപേക്ഷകരില്‍ നിന്നും വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമേ അധ്യാപകനിയമനം ലഭ്യമായിട്ടുള്ളൂ.

എന്നാല്‍ കേന്ദ്രം നിര്‍ത്തലാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായം ഉറപ്പാക്കുന്നതില്‍ മാതൃകാപരമായ നടപടികളുമായി മുമ്പോട്ട് പോകുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. കേന്ദ്രം ഒഴിവാക്കിയ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് കേരളത്തില്‍ ലഭിച്ചിരുന്ന 1.25 ലക്ഷം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ചെലവില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. വരുമാനപരിധി പരിഗണിക്കാതെ എല്ലാവര്‍ക്കും ഉയര്‍ന്ന സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്ന നയമാണ് സംസ്ഥാന ഫണ്ടില്‍ നിന്നുള്ള ചെലവഴിക്കലിനായി സ്വീകരിച്ചിരിക്കുന്നതെന്നും സി.പി.ഐ.എം അറിയിച്ചു.

അതേസമയം, രാജ്യത്ത് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം നടപ്പിലാക്കി വരുന്ന മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് സ്‌കീം നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

വ്യാഴാഴ്ച ലോക്സഭയില്‍ ടി.എന്‍. പ്രതാപന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടിയിലാണ് 2022-23 വര്‍ഷം മുതല്‍ എം.എ.എന്‍.എഫ് നിര്‍ത്തലാക്കിയതായി പറയുന്നത്.

എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളാല്‍ ഏതെങ്കിലും വിഭാഗത്തിന് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ടാല്‍ ബദല്‍ സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി സ. കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.

പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനമുറി നിര്‍മാണത്തിനായി രണ്ട് ലക്ഷം രൂപ സഹായം കൊടുത്തുവരുന്നതിന്റെ പരിധിയിലേക്ക് അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികളെയും എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സി.പി.ഐ.എം അറിയിച്ചു.

Content Highlight: CPIM says that the BJP government is insulting the backward classes

We use cookies to give you the best possible experience. Learn more