ന്യൂദല്‍ഹി: സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പദ്ധതിയിലെ സുപ്രധാന അജണ്ടയാണ് ഇന്ത്യാചരിത്രത്തിന്റെ പുനര്‍രചനയെന്ന് സി.പി.ഐ.എം. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പിന്‍ബലമേകുന്ന രീതിയില്‍ ഇന്ത്യാചരിത്രത്തെ മാറ്റിയെഴുതി അതിനെ ഭാവികാലത്തെ സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെ സജീവമായിരുന്നുവെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.
പാഠപുസ്തകങ്ങളില്‍ വരുത്തിയ ആശാസ്ത്രീയമായ മാറ്റങ്ങള്‍ വന്‍ വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നു. ഈ ശ്രമങ്ങള്‍ വര്‍ധിച്ച വീര്യത്തോടെ നടപ്പാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍, യൂ.ജി.സി, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ പ്രധാന പദവികളില്‍ സംഘപരിവാര്‍ അനുകൂലികളെ നിയമിച്ചത് വഴി അവരുടെ അജണ്ടകള്‍ നിര്‍ബാധം നടപ്പാക്കുന്ന സാഹചര്യമാണ് നിലവില്‍. ദേശീയ പ്രസ്ഥാനത്തിന്റെയും ആധുനിക മൂല്യങ്ങളുടെയും സ്വാധീനത്തില്‍ ഇന്ത്യയുടെ ഭൂതകാലത്തെ പറ്റി തയ്യാറാക്കി പോന്നിരുന്ന ചരിത്രവിജ്ഞാനം സംഘപരിവാര്‍ അജണ്ടകളെ തീര്‍ത്തും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇന്ത്യാചരിത്രത്തെ പഠിച്ച റോമിലാ ഥാപ്പര്‍, ബിപന്‍ചന്ദ്ര, ആര്‍.എസ്. ശര്‍മ്മ എന്നിവരുടെ നിഗമനങ്ങളെ അതിനാല്‍ തന്നെ വൈരാഗ്യബുദ്ധിയോടെയാണ് ആര്‍.എസ്.എസ് സമീപിച്ചിരുന്നത്. ഇവരുടെ ചരിത്രപഠനങ്ങള്‍ ഇന്ത്യയുടെ ‘യഥാര്‍ത്ഥ’ ചരിത്രത്തെ തമസ്‌കരിക്കാനായുള്ളവയാണ് എന്നാണ് സംഘപരിവാറിന്റെ പൊതുഭാഷ്യം.
ഇതിന്റെ തുടര്‍ച്ചയാണ് കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ അടുത്തിടെ നടത്തിയ പ്രസ്താവന. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലും സംഘപരിവാര്‍ സംഘടനയായ അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ യോജനയും ചേര്‍ന്ന് ബിഹാര്‍ ജമുഹറിലെ ഗോപാല്‍ നാരായണ്‍ സിങ് സര്‍വകലാശാലയില്‍ നടത്തിയ സമ്മേളനത്തില്‍ വച്ച് നിലവിലെ ചരിത്ര പാഠപുസ്തകങ്ങളിലുള്ള ‘വികലമായ’ ഇന്ത്യാചരിത്രം തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ സംസാരിച്ച ആര്‍.എസ്.എസ് ദേശീയ നിര്‍വാഹകസമിതിയംഗം സുരേഷ് സോണി ഇത്തരം തിരുത്തലുകള്‍ പ്രധാനമാണെന്നും ഇപ്പോള്‍ ഇവ പുരോഗമിച്ചുകൊണ്ടിരിക്കയാണെന്നും പ്രസ്താവിച്ചത് മോദി ഭരണത്തിന് കീഴിലെ ചരിത്രപഠനങ്ങളുടെ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുവെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.
പുരാവസ്തുക്കളുടെയും പുരാതന ഗ്രന്ഥങ്ങളുടെയും കൃത്യമായ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചരിത്രവിജ്ഞാനത്തെ പുറന്തള്ളി ഹിന്ദുത്വ ഭാവനയ്ക്ക് അനുസരിച്ചുള്ള കല്‍പ്പിതകഥകളുണ്ടാക്കുകയാണ് ആര്‍.എസ്.എസ് ആജ്ഞാനുവര്‍ത്തികള്‍. മുമ്പുണ്ടായിരുന്ന ചരിത്രവിജ്ഞാനം കൊളോണിയല്‍ മാതൃകയില്‍ ഉണ്ടാക്കിയവയാണെന്ന് ആരോപിക്കുന്ന സംഘപരിവാര്‍ പക്ഷെ പിന്തുടര്‍ന്ന് പോകുന്നത് കൊളോണിയല്‍ സൃഷ്ടികള്‍ തന്നെയാണ്. ഇന്ത്യാചരിത്രത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചും ഇവിടുത്തെ ഇസ്ലാം മതവിശ്വാസികളായ ഭരണാധികാരികളെ വിദേശീയ അക്രമണകാരികളായി ചിത്രീകരിച്ചുമാണ് ഇവരുടെ ചരിത്രരചന. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലാതിരുന്ന സംഘപരിവാര്‍ നേതാക്കളെ മഹത്വവല്‍ക്കരിക്കുന്നതിനൊപ്പം ദേശീയ പ്രസ്ഥാനത്തില്‍ പങ്കുകൊണ്ട ഇസ്ലാം മതവിശ്വാസികളായ ധീര ദേശാഭിമാനികളെ ചരിത്രത്തില്‍ നിന്ന് വെട്ടിമാറ്റാനും ഇവര്‍ നിരന്തരം ശ്രമിക്കുകയാണ്. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 ധീരന്മാരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് പുറന്തള്ളിയത് ഇതിന്റെ ഭാഗമായിട്ടാണെന്നും സി.പി.ഐ.എം പറഞ്ഞു.
ആര്യന്മാരുടെയും വേദപാരമ്പര്യത്തിന്റെയും വരവ് 1,500 ബിസിക്ക് ശേഷമാണെന്നുള്ള പുരാവസ്തുക്കളുടെയും ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിഗമനത്തെ പുറന്തള്ളി 5,000 ബി.സി മുതല്‍ക്കേ വേദപാരമ്പര്യം ഇന്ത്യയില്‍ നിലവിലുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇന്ത്യാചരിത്രത്തെ മഹത്വവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സാമൂഹിക തലത്തില്‍ ദളിതരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ നേരിട്ടിരുന്ന വിവേചനത്തെ തമസ്‌കരിക്കുന്നുമുണ്ട് ഇവര്‍. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്ന ആശയം സ്ഥാപിക്കാനായി പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഇപ്പോള്‍.
മതനിരപേക്ഷമായ ചരിത്രവും പാഠപുസ്തകങ്ങളും ഉപേക്ഷിച്ച് വര്‍ഗീയ ഫാസിസത്തിന് വേരോട്ടം കിട്ടുന്ന രീതിയില്‍ ഇന്ത്യക്കാരുടെ ചരിത്രബോധത്തെ മാറ്റിയെടുക്കാനുള്ള കുല്‍സിതശ്രമങ്ങളുടെ ഭാഗമാണ് അശാസ്ത്രീയമായ ഈ ചരിത്രരചന.
ശരിയായ ചരിത്രബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നാടിന്റെ വര്‍ത്തമാനകാലത്തെ രാഷ്ട്രീയത്തെയും ഭാവികാലത്തെ ലക്ഷ്യങ്ങളെയും കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് രൂപപെടുത്താനാകൂ. വസ്തുനിഷ്ഠമായ ചരിത്രരചന സാധ്യമാകണമെങ്കില്‍ സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരായ സമരം അക്കാദമികമായ തലത്തിലും വളര്‍ത്തേണ്ടിയിരിക്കുന്നുവെന്നും സി.പി.ഐ.എം കൂട്ടിച്ചേര്‍ത്തു.
Content Highlight: CPIM says Sangh Parivar’s Political Objective are History Backing Hindutva Ideas