ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ തെറ്റായ പ്രചരണങ്ങളില്‍ കുടങ്ങിപ്പോകരുത്: സി.പി.ഐ.എം
Kerala News
ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ തെറ്റായ പ്രചരണങ്ങളില്‍ കുടങ്ങിപ്പോകരുത്: സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th December 2022, 4:42 pm

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ തെറ്റായ പ്രചരണങ്ങളില്‍ ജനങ്ങള്‍ കുടങ്ങിപ്പോകരുതെന്ന് സി.പി.ഐ.എം. ജനങ്ങളുടെ ജീവിതം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബഫര്‍സോണ്‍ രൂപപ്പെടുത്തുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവനയില്‍ പറഞ്ഞു.

‘വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. ഇതിലാവട്ടെ എല്ലാ നിര്‍മിതികളും ഉള്‍പ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീല്‍ഡ് സര്‍വെയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതി അറിയിക്കാനുള്ള സമയം നീട്ടി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെ സര്‍ക്കാരിനെതിരായി തെറ്റായ പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ തിരിച്ചറിയണം.

തെറ്റായ പ്രചരണങ്ങളില്‍ ജനങ്ങള്‍ കുടങ്ങിപ്പോകരുത്. കേരളത്തിന്റെ പരിസ്ഥിതിയും, ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ഏതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല,’ സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

ബഫര്‍ സോണ്‍ ഇരകളെ മുഴുവന്‍ അണിനിരത്തി ജനവിരുദ്ധ സര്‍ക്കാരിനെതിരായ സമരവുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്നും, വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പ്രക്ഷോഭം പോലെ കോണ്‍ഗ്രസും യു.ഡി.എഫും സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: CPIM Says People should not get trapped in false propaganda in buffer zone