| Friday, 25th February 2022, 1:26 pm

റഷ്യയുടെ ആവശ്യവും ന്യായമാണ്; ഇരുകക്ഷികളും നേരത്തെ ഉണ്ടാക്കിയ കരാറുകള്‍ പാലിക്കണം, ഉക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കണം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് സി.പി.ഐ.എം. റഷ്യയും ഉക്രൈനും തമ്മിലുള്ള സായുധ പോരാട്ടത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നതായും സായുധ പോരാട്ടങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് ശേഷം, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ റഷ്യയ്ക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമായി കിഴക്കന്‍ മേഖലകളിലേക്ക് ക്രമാനുഗതമായി തങ്ങളുടെ ശക്തി വികസിപ്പിക്കുകയാണ്.

ഉക്രൈന്റെ നാറ്റോയില്‍ ചേരാനുള്ള ശ്രമങ്ങള്‍ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകും. കിഴക്കന്‍ യൂറോപ്പിലെ അതിര്‍ത്തികളില്‍ നാറ്റോ സേനയുടെ സാന്നിധ്യം കാരണം റഷ്യയ്ക്ക് അവരുടെ സുരക്ഷയിലും ആശങ്കയുണ്ട്.

അതിനാല്‍ ഉക്രൈന്‍ നാറ്റോയില്‍ ചേരരുത് എന്നതുള്‍പ്പടെയുള്ള റഷ്യയുടെ ആവശ്യം ന്യായമാണ്.

റഷ്യയുടെ സുരക്ഷാ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ യു.എസും നാറ്റോയും വിസമ്മതിച്ചതും പ്രസ്തുത മേഖലയിലേക്ക് സൈന്യത്തെ അയച്ച യു.എസിന്റെ നിലപാടും സംഘര്‍ഷം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

സമാധാനം സ്ഥാപിക്കപ്പെടുന്നതിന്, കിഴക്കന്‍ ഉക്രൈനിലെ ഡോണ്‍ബാസ് മേഖല ഉള്‍പ്പെടെ എല്ലാ ജനങ്ങളുടെയും യഥാര്‍ത്ഥ ആശങ്കകള്‍ പരിഹരിക്കപ്പെടണം. ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ഇരുകക്ഷികളും നേരത്തെ ഉണ്ടാക്കിയ കരാറുകള്‍ പാലിക്കുകയും വേണം,’ പ്രസ്താവനയില്‍ പറയുന്നു.

ഉക്രൈനിലുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുകയാണെന്നും പ്രസ്താവനയില്‍ സി.പി.ഐ.എം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, റഷ്യ ഉക്രൈന്റെ തന്ത്രപ്രധാന മേഖലകളിലേക്കുള്ള കടന്നുകയറ്റം തുടരുകയാണ്. ചെര്‍ണോബില്‍ അടക്കമുള്ള പ്രദേശങ്ങള്‍ റഷ്യയുടെ അധീനതയിലായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഉക്രൈനെ ഭീതിയിലാഴ്ത്തുക എന്ന തന്ത്രമാണ് റഷ്യ ചെര്‍ണോബിലില്‍ പയറ്റിയിരിക്കുന്നത്. ചെര്‍ണോബില്‍ ആണവനിലയത്തില്‍ ആക്രമണം നടത്തിയാല്‍ അതിന്റെ വരും വരായ്കകള്‍ എന്താണെന്ന് വ്യക്തമായ ബോധ്യമുള്ളതിനാല്‍ റഷ്യ അതിന് മുതിരില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് റഷ്യ ചെര്‍ണോബിലിന് സമീപത്തേക്ക് കടന്നുകയറിയത്. ചെര്‍ണോബില്‍ ആണവപ്ലാന്റിന് സമീപം റഷ്യ കടന്നുകയറിയതായും അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതായും ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പുടിന്‍ രംഗത്തെത്തിയിരുന്നു. റഷ്യയുടെ സുരക്ഷ ഉറപ്പാക്കാനാണ് ആക്രമണം നടത്തിയതെന്നായിരുന്നു റഷ്യന്‍ ഭരണാധികാരി വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞത്.

റഷ്യയുടെ സുരക്ഷയെ കരുതി ഉക്രൈനെതിരെ പ്രത്യേക ഓപ്പറേഷന് ഉത്തരവിടുകയല്ലാതെ തനിക്ക് മുന്നില്‍ വേറെ വഴികളില്ലായിരുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: CPIM says peace is priority in Ukraine

We use cookies to give you the best possible experience. Learn more