| Saturday, 30th April 2022, 6:24 pm

പി.സി. ജോര്‍ജിന്റേത് വിടുവായിത്തങ്ങളായി തള്ളിക്കളയാനാകില്ല; മാപ്പ് പറയണം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മനുഷ്യ സൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ.എം.

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

‘തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി.സി. ജോര്‍ജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗീയ വാദികളും ബോധപൂര്‍വ്വമായ പദ്ധതികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്.

ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം,’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി. ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.

ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ് ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

മുസ്‌ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

CONTENT HIGHLIGHTS:  CPIM says PC George’s Communal statement can not be dismissed as excuses; Apologies

We use cookies to give you the best possible experience. Learn more