| Friday, 17th June 2022, 6:10 pm

ലോക കേരളസഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം പ്രവാസികളോട് കാണിച്ചത് കൊടും ക്രൂരത: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന്റെ നിലപാട് പ്രവാസികളോട് കാണിച്ച കൊടും ക്രൂരതയാണെന്ന് സി.പി.ഐ.എം. ഇതിലൂടെ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിപക്ഷത്തിന് താല്‍പര്യമില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കുന്ന ജനവിഭാഗമാണ് പ്രവാസികള്‍. കേരളത്തിലെ സമസ്ത മേഖലകളുടേയും പുരോഗതിക്ക് വലിയ പിന്തുണയാണ് പ്രവാസി മേഖലയില്‍ നിന്നും ലഭിക്കുന്നത്.

കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്ന നിലയില്‍ കൊണ്ടുപോകുന്നതിനും പ്രധാന പങ്ക് പ്രവാസികള്‍ വഹിക്കുന്നുണ്ട്. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന കാര്യത്തിലും വലിയ സംഭാവനയാണ് പ്രവാസികള്‍ നല്‍കുന്നത്.

നമ്മുടെ സംസ്ഥാനം പ്രളയമുള്‍പ്പടെയുള്ള ദുരന്തം നേരിടുന്ന ഘട്ടത്തിലും ജനിച്ച നാടിനെ കൈപിടിച്ചുയര്‍ത്താന്‍ പ്രവാസികള്‍ നല്‍കിയ സഹായം ആര്‍ക്കും വിസ്മരിക്കാനാകുന്നതല്ല. കൊവിഡ് കാലം മറ്റ് എല്ലാ മേഖലയിലും എന്നപോലെ പ്രവാസികള്‍ക്കും വലിയ ദുരിതമാണ് സംഭാവന ചെയ്തിട്ടുള്ളത്. പ്രവാസികളുടെ പ്രശ്നങ്ങള്‍ സംസ്ഥാനത്തിന്റെ പൊതുപ്രശ്നമായിക്കണ്ട് പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമായി ലോക കേരള സഭ പ്രവര്‍ത്തിക്കുമെന്നാണ് പ്രവാസികള്‍ പ്രഖ്യാപിച്ചതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവസാന ഘട്ടത്തില്‍ പിന്മാറുന്ന നടപടിയാണ് പ്രതിപക്ഷം കാണിച്ചത്. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിപക്ഷത്തിന് താല്‍പര്യമില്ല എന്നത് ഇതില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. വിദൂരതയില്‍ ജീവിക്കുമ്പോഴും ഈ നാടിനെക്കുറിച്ച് ചിന്തിക്കുകയും, സഹായിക്കുകയും ചെയ്യുന്ന നമ്മുടെ കൂടപ്പിറപ്പുകളോടാണ് ഇത്തരമൊരു നിലപാട് പ്രതിപക്ഷം സ്വീകരിച്ചതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

CONTENT HIGHLIGHTS: CPIM says Opposition, which boycotted the Loka Kerala Sabha, was cruel to the expatriates

We use cookies to give you the best possible experience. Learn more