| Sunday, 28th August 2022, 8:40 pm

ആര്‍.എസ്.എസിന്റെ ലക്ഷ്യം തലസ്ഥാനത്ത് കലാപം സൃഷ്ടിക്കല്‍: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസിന്റെ തുടര്‍ച്ചയായ ശ്രമങ്ങളില്‍ ശക്തമായി പ്രതിഷേധിച്ച് സി.പി.ഐ.എം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായ അക്രമ സംഭവങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കഴിഞ്ഞ ദിവസമാണ് അക്രമമുണ്ടായത്. തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയും അക്രമം ഉണ്ടായിരിക്കുകയാണ്. ഏകപക്ഷീയമായ അക്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്ന നടപടികള്‍ക്കെതിരായി എല്‍.ഡി.എഫ് നടത്തിയ ജാഥക്ക് നേരെയും അക്രമമുണ്ടായി.

വനിതാ കൗണ്‍സിലര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമവുമുണ്ടായി. വട്ടിയൂര്‍ക്കാവ്, നെട്ടയം ഭാഗങ്ങളില്‍ പാര്‍ടി ഓഫീസുകള്‍ക്ക് നേരെയും അക്രമം ഉണ്ടായി. മണികണ്ഠേശ്വരത്ത് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പോയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് നേരെയും ആര്‍.എസ്.എസ് അക്രമം നടത്തുകയുണ്ടായി.

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് ഉണ്ടായത്. ഈ സാഹചര്യത്തില്‍ കലാപങ്ങളുണ്ടാക്കി അതുവഴി നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്ന പരിശ്രമമാണ് ആര്‍.എസ്.എസ് ലക്ഷ്യംവെക്കുന്നതെന്ന് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഹീന ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണെന്നും സി.പി.ഐ.എം പറഞ്ഞു.

Content Highlights:  CPIM sayd RSS aims to create riots in capital district Thiruvananthapuram

We use cookies to give you the best possible experience. Learn more