തിരുവനന്തപുരം: ഏഴ് വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ മൂന്ന് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്‌തെന്ന് സി.പി.ഐ.എം. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ഭൂരഹിതരില്ലാത്ത കേരളത്തെ സൃഷ്ടിക്കുക എന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും സി.പി.ഐ.എം പറഞ്ഞു.
2016 മുതല്‍ ആകെ മൂന്നുലക്ഷത്തോളം പട്ടയങ്ങളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വിതരണം ചെയ്തതെന്നും സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ച് സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയും ഭൂമിയുടെ രേഖയും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അര്‍ഹരായ മുഴുവന്‍ ഭൂരഹിതര്‍ക്കും സമയബന്ധിതമായി പട്ടയം നല്‍കുന്നതിനുള്ള സംവിധാനമായ പട്ടയ മിഷന്‍ ആരംഭിച്ചതും ഇതേ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും സി.പി.ഐ.എം കൂട്ടിച്ചേര്‍ത്തു.
‘റവന്യു വകുപ്പ് നടപ്പാക്കുന്ന പട്ടയമേളകള്‍ വഴി എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ആ ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം കുതിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ അനുവദിച്ച പട്ടയങ്ങളും ആദിവാസി വിഭാഗങ്ങള്‍ക്കുള്ള വനാവകാശ രേഖകളും അവകാശികള്‍ക്ക് വിതരണം ചെയ്തു. 1795 കുടുംബങ്ങള്‍ക്ക് പട്ടയവും 1361 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ രേഖയുമാണ് ശനിയാഴ്ച നല്‍കിയത്. ഇതോടെ ജില്ലയില്‍ 3156 കുടുംബങ്ങള്‍ സ്വന്തം ഭൂമി എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 1,77,011ത്തിലധികം പട്ടയങ്ങളും ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ 54,535 പട്ടയങ്ങളുമാണ് സംസ്ഥാനത്ത് ആകെ വിതരണം ചെയ്തത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ കൂടെ കണക്കാക്കുമ്പോള്‍ (67,069) രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ 1,21,604 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. ജില്ലകളിലെ പട്ടയമേളകളില്‍വെച്ച് ഇവ വിതരണം ചെയ്തുവരികയാണ്. തൃശൂര്‍, ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളില്‍ ഇത് പൂര്‍ത്തിയാക്കി.
മറ്റിടങ്ങളിലും വരുന്ന ദിവസങ്ങളില്‍ പട്ടയവിതരണം നടക്കും. ഇതുള്‍പ്പെടെ 2016 മുതല്‍ ആകെ മൂന്നുലക്ഷത്തോളം പട്ടയങ്ങളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വിതരണം ചെയ്തത്,’ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: CPIM said that the Pinarayi government distributed three lakh titles in seven years