| Sunday, 7th August 2022, 2:39 pm

സ്വാതന്ത്ര്യ സമരത്തിന്റെ കുത്തക കോണ്‍ഗ്രസിന് മാത്രമായി അവകാശപ്പെടാന്‍ കഴിയില്ല; കമ്മ്യൂണിസ്റ്റുകാരും വ്യത്യസ്ത ധാരയില്‍പെട്ട സോഷ്യലിസ്റ്റുകാരും നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയ ചരിത്രമുണ്ട്: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കുത്തക കോണ്‍ഗ്രസിന് മാത്രമായി അവകാശപ്പെടാന്‍ കഴിയില്ലെന്ന് സി.പി.ഐ.എം. കോണ്‍ഗ്രസിനോടും അതിന്റെ തന്ത്രങ്ങളോടും അതൃപ്തരായ കമ്മ്യൂണിസ്റ്റുകാരും വ്യത്യസ്ത ധാരയില്‍പെട്ട സോഷ്യലിസ്റ്റുകാരും നിശ്ചയദാര്‍ഢ്യത്തോടെ പോരാടുകയും അവരുടെ ജീവിതം ആ പോരാട്ടത്തിനായി ബലിയര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ മഹത്തായ ഒരു വീരേതിഹാസമാണ്. രാജ്യത്താകെ നിറഞ്ഞുനിന്ന ദേശസ്‌നേഹപരമായ പ്രവണതയോട് ഒരുകൂട്ടര്‍ മാത്രം വിട്ടുനിന്നു. അത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത ആര്‍.എസ്.എസാണെന്നും സി.പി.ഐ.എം കുറിപ്പില്‍ പറഞ്ഞു.

വിവിധ വര്‍ഗ, ബഹുജനസംഘടനകളായ എ.ഐ.ടി.യു.സി, എ.ഐ.കെ.എസ്, എ.ഐ.എസ്.എഫ്, പി.ഡബ്ല്യു.എ എന്നിവ രൂപീകരിക്കുന്നതിലും അവയെ ശക്തിപ്പെടുത്തുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജീവമായ പങ്കുവഹിക്കുകയും ഈ വേദികളിലൂടെ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. ഈ വിവിധ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ഉശിരന്‍ പോരാട്ടങ്ങള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കുകയും ചെയ്തു.

കൊളോണിയല്‍വാഴ്ച അവസാനിപ്പിക്കണമെന്ന ആവശ്യത്തിനുപുറമെ സംഘടിക്കാനും സമരംചെയ്യാനുമുള്ള ജനാധിപത്യപരമായ അവകാശങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ഥ ജനാധിപത്യം ആവശ്യപ്പെടുകയായിരുന്നു. എട്ടുമണിക്കൂര്‍ ജോലി, സ്ത്രീക്കും പുരുഷനും തുല്യാവകാശം, തുല്യവേതനം, സൗജന്യ വിദ്യാഭ്യാസം എന്നിവയ്ക്കുവേണ്ടിയും അയിത്തം, ഭൂപ്രഭുത്വം, ഫ്യൂഡല്‍ കുത്തകാവകാശങ്ങള്‍, ചൂഷണം തുടങ്ങിയവ ഇല്ലാതാക്കുന്നതിനുമുള്ള ആവശ്യം ഉന്നയിച്ചു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചതിലൂടെയും ഈ ആവശ്യങ്ങളിന്മേല്‍ ജനങ്ങളെ അണിനിരത്തിയതിലൂടെയും ജനങ്ങളുടെ ആവേശത്തിനും സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തത്തിനും അവര്‍ മൂര്‍ത്ത രൂപം നല്‍കിയെന്നും സി.പി.ഐ.എം പറഞ്ഞു.

കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ പങ്കാളിത്തം, പാര്‍ടിയുടെ ആദ്യ കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളുടെ ഘടനയില്‍ പ്രതിഫലിക്കുന്നുണ്ട്. 70 ശതമാനം പ്രതിനിധികളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് ഒന്നോ അതിലധികമോ തവണ ജയില്‍ശിക്ഷ അനുഭവിച്ചവരാണ്. എല്ലാവരുംകൂടി ആകെ 411 വര്‍ഷം ജയിലില്‍ കഴിഞ്ഞു. അവരുടെ ജീവിതത്തിന്റെ പകുതിയോളം കാലമാണ് അവര്‍ ജയിലില്‍ കഴിഞ്ഞത്. 53 ശതമാനം പേര്‍ക്കും ഒളിവില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം ഉണ്ടായിരുന്നു. ഇവരെല്ലാംകൂടി മൊത്തം 54 വര്‍ഷമാണ് ഒളിവില്‍ പ്രവര്‍ത്തിച്ചതെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയശക്തികള്‍ രാജ്യത്തെ വിഭജിക്കുന്ന തിരക്കിലായിരുന്നപ്പോള്‍, കമ്മ്യൂണിസ്റ്റുകാര്‍ ഐക്യത്തിനായി നിലകൊണ്ടു. വര്‍ഗീയശക്തികള്‍ ദേശീയപതാകയേയും ഭരണഘടനയെയും അവഹേളിക്കുകയും ഇന്ത്യന്‍ നിയമ വ്യവസ്ഥയായി മനുസ്മൃതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ജന്മിത്വം ഇല്ലാതാക്കുന്നതിനും സ്ത്രീ-പുരുഷ സമത്വം സ്ഥാപിക്കുന്നതിനും ജാതിവിവേചനം ഇല്ലാതാക്കുന്നതിനും മതം, മതവിശ്വാസം, വംശങ്ങള്‍, ദേശീയത ഇവയൊന്നും പരിഗണിക്കാതെ എല്ലാവരുടെയും സമത്വത്തിനുംവേണ്ടി പോരാടുകയായിരുന്നു. വര്‍ഗീയശക്തികള്‍ ഹിറ്റ്‌ലറെയും മുസോളിനിയെയും പോലുള്ള സ്വേച്ഛാധിപതികളെ വാഴ്ത്തുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യാവകാശങ്ങളുടെ വിപുലീകരണത്തിനായും തൊഴിലാളികള്‍, കര്‍ഷകര്‍, മറ്റ് അധ്വാനിക്കുന്ന വിഭാഗങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ ഉള്‍പ്പെടുത്തുകവഴി ഇന്ത്യന്‍ ഭരണഘടന ശക്തിപ്പെടുത്തുന്നതിനായും പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും സി.പി.ഐ.എം കുറിപ്പില്‍ പറഞ്ഞു.

ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകാര്‍ നമ്മുടെ രാജ്യത്തിന്റെ ക്ഷേമത്തിനും ഐക്യത്തിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച യഥാര്‍ഥ ദേശസ്‌നേഹികളായിരുന്നെങ്കില്‍ വര്‍ഗീയശക്തികള്‍ രാജ്യത്തെ വെട്ടിമുറിച്ച് ഒരു ഭൂരിപക്ഷ, ഏകാധിപത്യ, സ്വേച്ഛാധിപത്യ രാഷ്ട്രമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ദേശവിരുദ്ധര്‍ ആയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ കാഴ്ചപ്പാടാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ പുരോഗതിക്കായുള്ള ദിശാസൂചി. അല്ലാതെ പിന്തിരിപ്പന്‍ വര്‍ഗീയ ശക്തികളല്ലെന്നും സി.പി.ഐ.എം കുറിപ്പില്‍ പറഞ്ഞു.

CONTENT HIGHLIGHTS: CPIM said that the monopoly of the Indian freedom struggle cannot be claimed by the Congress alone

We use cookies to give you the best possible experience. Learn more