| Monday, 14th November 2022, 6:18 pm

കോണ്‍ഗ്രസിനെ ബി.ജെ.പിയാക്കി മാറ്റുന്നതിനുള്ള ആശയപരിസരം സൃഷ്ടിക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍ എത്തിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് സി.പി.ഐ.എം. ആര്‍.എസ്.എസുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കി എന്ന കാര്യവും കഴിഞ്ഞ ദിവസം സുധാകരന്‍ തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആര്‍.എസ്.എസ് അനുകൂല നിലപാടുകള്‍ തിരുത്തുന്നതിന് പകരം ജവഹര്‍ലാല്‍ നെഹറുവിനെ പോലും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ് കെ. സുധാകരന്‍ വീണ്ടും പരിശ്രമിക്കുന്നത്.

സ്വയം ബി.ജെ.പിയിലേക്ക് ചേക്കേറുന്ന ശ്രമത്തെക്കാള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ബി.ജെ.പിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാര്‍ത്ഥത്തില്‍ സുധാകരന്‍ ശ്രമിക്കുന്നത്. ചരിത്രത്തില്‍ വിഷം കലര്‍ത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ് സുധാകരനുമുള്ളത് എന്ന് ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിരിക്കുകയാണെന്നും സി.പി.ഐ.എം പറഞ്ഞു.

ഈ അപകടം തിരിച്ചറിയാന്‍ കോണ്‍ഗ്രസിനെ ഇപ്പോഴും പിന്തുണക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും തയ്യാറാകണം. കെ. സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആര്‍.എസ്.എസ് വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യു.ഡി.എഫിന്റെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍.എസ്.എസിന് പോലും അവസരം കൊടുത്ത വിശാല ജനാധിപത്യ ബോധമാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റേതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവന. പാര്‍ലമെന്റില്‍ ആര്‍.എസ്.എസ്- സി.പി.ഐ.എം നേതാക്കള്‍ക്ക് അവസരം നല്‍കിയ ജനാധിപത്യ വാദിയാണ് നെഹ്റുവെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു.

വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ പോലും നെഹ്റു തയ്യാറായി, അംബേദ്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, അംഗബലം ഇല്ലാതിരുന്നിട്ട് പോലും എ.കെ.ജിക്ക് പ്രതിപക്ഷ നേതാവിന്റെ പദവി നല്‍കിയതും ഈ ജനാധിപത്യ നിലപാടിന്റെ ഭാഗമായിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

CONTENT HIGHLIGHT: CPIM said  K. Sudhakaran is trying to create ideological environment to convert Congress into BJP
We use cookies to give you the best possible experience. Learn more