ന്യൂദല്‍ഹി: തെലങ്കാനയില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ഭൂസമരം ശക്തമാകുന്നു.
കുടില്‍കെട്ടിയാണ് സമരം നടത്തുന്നത്. തെലങ്കാനയിലെ ജക്കലോഡിയില്‍ സി.പി.ഐ.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
പൊലീസും സര്‍ക്കാരും സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാമെന്ന് സമരക്കാര്‍ പറഞ്ഞു.
മെയ് ഏഴിന് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നൂറ് കുടിലുകള്‍ കെട്ടിയിരുന്നു. പിന്നീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊലീസ് ഇവ പൊളിച്ചു നീക്കുകയായിരുന്നു.
അന്ന് സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എല്ലാ ഭൂരഹിതര്‍ക്കും രണ്ടുമുറി വീടെന്നായിരുന്നു ടി.ആര്‍.എസ് സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കിയിട്ടില്ല.
സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആവശ്യത്തിന് ഭൂമിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
ജക്കലോഡിയിലും സമീപത്തെ ബസ് താനചെരുവിലും വരുന്ന ഇരുന്നൂറ് ഏക്കറോളം വരുന്ന തരിശ് ഭൂമിയിലാണ് പ്രക്ഷോഭകര്‍ സമരം നടത്തുന്നത്.
ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കുടിലുകള്‍ പൊളിച്ചുനീക്കിയതിന് പിന്നാലെ സമരക്കാര്‍ വീണ്ടും കുടില്‍ കെട്ടി സമരം തുടരുകയായിരുന്നു. നാലായിരം കുടില്‍ തകര്‍ത്തപ്പോള്‍ സമരക്കാര്‍ പതിനായിരം കുടിലുകളാണ് കെട്ടിയത്.