| Thursday, 2nd August 2018, 8:50 am

കാല്‍നടജാഥയുമായി വീണ്ടും സി.പി.ഐ.എം; സേലം-ചെന്നൈ എട്ടുവരിപ്പാതയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ സി.പി.ഐ.എമ്മിന്റെ വന്‍ പ്രക്ഷോഭം,വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സേലം-ചെന്നൈ എട്ടുവരിപ്പാത നിര്‍മ്മാണത്തിനായി വന്‍തോതില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുകയും കൃഷിയിടങ്ങളും വനഭൂമിയും നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ വന്‍ പ്രക്ഷോഭം. കര്‍ഷകരെ സംഘടിപ്പിച്ച് സി.പി.ഐ.എം സംഘടിപ്പിച്ച കാല്‍നടജാഥ പൊലീസ് തടഞ്ഞു.

ALSO READ: ‘മോദിയെ വിമര്‍ശിച്ചതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണം’; പതിയിരുന്നു ആക്രമിക്കുകയാണ് സംഘപരിവാറിന്റെ രീതിയെന്ന് സ്വാമി അഗ്നിവേശ്

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ കെ.ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം ജി.രാമകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗം യു.വാസുകി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പൊലീസ് കസ്റ്റഡിയിലാണ്.

പതിറ്റാണ്ടുകളായി തങ്ങള്‍ കൃഷി ചെയ്യുന്ന ഭൂമിക്കായുള്ള അവകാശമുയര്‍ത്തിയാണ് “നിലമെ എങ്കള്‍ ഉറിമൈ, നിലമെ എങ്കള്‍ വാഴ്കൈ” എന്ന മുദ്രാവാക്യവുമായി കര്‍ഷകരുടെ പ്രതിഷേധജാഥ. തിരുവണ്ണാമലയില്‍നിന്ന് സേലം വരെ 170 കിലോമീറ്റര്‍ കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്താനിരുന്ന കാല്‍നടജാഥയാണ് പൊലീസ് തടഞ്ഞത്. ജാഥയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു.

ഇന്നലെ രാവിലെ തിരുവണ്ണാമലയില്‍ ഉദ്ഘാടനം കഴിഞ്ഞ് യാത്ര തുടങ്ങിയപ്പോള്‍ത്തന്നെ ജാഥയില്‍ പങ്കെടുത്തവരെ മുഴുവന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ സമീപത്തുള്ള കല്യാണമണ്ഡപത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

ALSO READ: കല്‍ബുര്‍ഗിയെ കൊന്നതുപോലെ ഗൗരിയുടെ തലയില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു ലക്ഷ്യം: പ്രധാനപ്രതിയുടെ മൊഴി

കസ്റ്റഡിയില്‍നിന്ന് വിട്ടാല്‍ ഉടന്‍തന്നെ ജാഥയുമായി മുന്നോട്ടുപോകുമെന്നും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കെ.ബാലകൃഷ്ണന്‍ അറിയിച്ചു.

സേലം-ചെന്നൈ എട്ടുവരിപ്പാതയ്ക്കാകയി ഏഴായിരം ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതില്‍ ഏറിയ പങ്കും കൃഷിയിടമാണ്. ഇതിനുപുറമെ നൂറുകണക്കിന് ഏക്കര്‍ വനഭൂമിയും ഏറ്റെടുക്കുന്നുണ്ട്.

നിലവില്‍ സേലത്തുനിന്ന് ചെന്നൈയിലേക്ക് രണ്ടു പാതകളുണ്ട്. അവയിലൊന്ന് നാലുവരിപ്പാതയാണ്. നാലുവരിപ്പാത വികസിപ്പിച്ച് എട്ടുവരിപ്പാത നിര്‍മ്മിക്കാമെങ്കിലും സര്‍ക്കാര്‍ പുതിയ എട്ടുവരിപ്പാതയുമായിത്തന്നെ മുന്നോട്ടുപോവുകയാണ്. ഈ നിര്‍ദിഷ്ട പാത പൂര്‍ത്തിയാകുമ്പോള്‍ നേട്ടം, അദാനിയുടെ കാട്ടുപള്ളി തുറമുഖത്തിനും കാവുതിമലയിലും വെടിയപ്പന്‍മലയിലും ഖനനാനുമതിയുള്ള ജിന്‍ഡാല്‍ ഗ്രൂപ്പിനുമാണ്.

വീഡിയോ കടപ്പാട്- ജയ പ്ലസ്

കോര്‍പറേറ്റ് താല്‍പ്പര്യസംരക്ഷണത്തിനായി ജനകീയപ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം അറിയിച്ചു.

We use cookies to give you the best possible experience. Learn more