| Sunday, 16th January 2022, 8:39 am

തൃശൂരിലും സി.പി.ഐ.എം വിപ്ലവ തിരുവാതിര; എല്ലാവരും മാസ്‌ക് ധരിച്ചിരുന്നെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര സംഘടിപ്പിച്ച് സി.പി.ഐ.എം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിരകളി സംഘടിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

എന്നാല്‍ മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പാലിച്ചിരുന്നു എന്നാണ് സി.പി.ഐ.എം നല്‍കുന്ന വിശദീകരണം.

21 മുതല്‍ 23 വരെയാണ് സി.പി.ഐ.എം തൃശൂര്‍ ജില്ലാ സമ്മേളനം. തിരുവാതിരകളി വിവാദമായതോടെ ആളുകള്‍ കൂടുന്ന പരിപാടികള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചും മെഗാതിരുവാതിര സംഘടിപ്പിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനുവരി 13നാണ് പാറശാലയില്‍ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്.

550 പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു തിരുവാതിര. സംഭവം വിവാദമായതിന് പിന്നാലെ മെഗാതിരുവാതിരയില്‍ പങ്കെടുത്തവര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തിരുന്നു.

മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, തിരുവാതിരയുടെ പാട്ടിലെ വരികള്‍ക്കും വിമര്‍ശനമുയര്‍ന്നിരുന്നു. പാട്ടിലെ വരികള്‍ വിവാദമാക്കേണ്ടതില്ലെന്ന് തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ.വി.ടി. നമ്പൂതിരി പറഞ്ഞിരുന്നു.

പാര്‍ട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സി.പി.ഐ.എം ആവശ്യപ്പെട്ടതെന്നും പിണറായിയെ പുകഴ്ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സി.പി.ഐ.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനവും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

പൊതുയോഗങ്ങള്‍ ഒഴിവാക്കണമെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ ശാരീരിക അകലം പാലിക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശവും പാലിക്കപ്പെട്ടില്ല.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തില്‍ ബീച്ച് കേന്ദ്രീകരിച്ച് റാലിയുണ്ടായിരിക്കില്ലെന്ന് സി.പി.ഐ.എം നേതൃത്വം നേരത്തെ അറിയിച്ചതാണ്.

ഓണ്‍ലൈന്‍ വഴി എല്ലാവര്‍ക്കും അവരവരുടെ വീടുകളിലിരുന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. ആരും നേരിട്ട് ബീച്ചിലേക്ക് എത്തേണ്ടെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, മൂവായിരത്തോളം കസേരകള്‍ പ്രസംഗവേദിയിലിട്ടിരുന്നു. പ്രത്യേകം ഒരുക്കിയ ബസുകളിലും മറ്റുമാണ് പ്രവര്‍ത്തകര്‍ ബീച്ചിലേക്കെത്തിയത്.

സദസിന്റെ മുന്‍നിരയിലും വേദിയിലും കസേരകള്‍ അകലം പാലിച്ച് നിരത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കായുള്ള ഇരിപ്പിടങ്ങളില്‍ ഒരുതരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിരുന്നില്ല.

മാസ്‌ക് വെക്കാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. കടപ്പുറത്തിനരികില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ നിരവധി പേരാണ് തിങ്ങികൂടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: CPIM Revolutionary Thiruvatira in Thrissur too; Explanation that everyone was wearing a mask

We use cookies to give you the best possible experience. Learn more