| Tuesday, 1st November 2022, 9:36 pm

മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് കേരളം? ഗവര്‍ണറുടെ വാദങ്ങള്‍ക്ക് കണക്കുകള്‍ കൊണ്ട് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് കേരളമാണെന്നുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ.എം. കേരളത്തെയും മലയാളികളെയും ഇകഴ്ത്തി കാട്ടാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായ നുണപ്രചാരണങ്ങളില്‍ ഒന്ന് മാത്രമാണിതെന്നും കണക്കുകള്‍ നോക്കുമ്പോള്‍ ആദ്യ അഞ്ചില്‍ പോലും കേരളം ഇല്ലെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

മദ്യ ഉപഭോഗത്തിലും മദ്യത്തില്‍ നിന്നുള്ള വരുമാനത്തിലും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്? സംഘപരിവാറിന്റെയും, സംഘപരിവാറിന്റെ കേരളത്തിലെ വക്താവായ ആരിഫ് മുഹമ്മദ് ഖാന്റെയും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ചില മാധ്യമങ്ങളുടെയും വാദങ്ങള്‍ കേട്ടാല്‍ തോന്നുക കേരളത്തിനാണ് ഈ സ്ഥാനം എന്നാണ്. എന്നാല്‍ സത്യാവസ്ഥ അതല്ല എന്ന് കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ തന്നെ പറയുന്നുണ്ട്.

മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ഒന്നാമതെന്നല്ല ആദ്യ അഞ്ചില്‍ പോലും കേരളം ഇല്ല. മദ്യപിക്കുന്ന പുരുഷന്മാരുടെ ശതമാനത്തില്‍ ഗോവ ഒന്നാമതും അരുണാചല്‍ പ്രദേശ് രണ്ടാമതുമാണ്. സ്ത്രീകളുടെ മദ്യ ഉപഭോഗത്തില്‍ അരുണാചല്‍ പ്രദേശ് ഒന്നാമതും സിക്കിം രണ്ടാമതുമാണ്. കേന്ദ്രസര്‍ക്കാറിന്റെ തന്നെ കണക്കുകള്‍ ഇങ്ങനെയാണ് എന്നിരിക്കെയാണ് കേരളത്തിനെതിരായ ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് സി.പി.ഐ.എം പറഞ്ഞു.

സംഘപരിവാര്‍ നുണ ഫാക്ടറികള്‍ പടച്ചുവിടുന്ന ഇത്തരം പച്ചക്കള്ളങ്ങളെ വലിയ പ്രധാന്യത്തോടെ ഏറ്റെടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. കേരളത്തില്‍ സംഘപരിവാര്‍ ഗവര്‍ണറെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനുള്ള ശ്രമം തുടരുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇത്തരം നിലപാടുകളിലൂടെ സംഘപരിവാറിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ്. രണ്ടുകൂട്ടരുടെയും ലക്ഷ്യം കേരളത്തെ തകര്‍ക്കലും മലയാളികളെ ആക്ഷേപിക്കലുമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHT:  CPIM responded to Governor Arif Muhammad Khan’s statement that Kerala ranks first in revenue from liquor

We use cookies to give you the best possible experience. Learn more