| Tuesday, 23rd January 2018, 8:15 pm

സി.പി.ഐ.എമ്മിന്റേത് ചരിത്രപരമായ മണ്ടത്തരമോ അതോ അടിയുറച്ച നിലപാടോ?; രാഷ്ട്രീയ കേരളം പ്രതികരിക്കുന്നു

ലിജിന്‍ കടുക്കാരം

സി.പി.ഐ.എം 22 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിനു കഴിഞ്ഞദിവസം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. രാജ്യത്തിനും ജനങ്ങള്‍ക്കും എതിരായ ബി.ജെ.പി സര്‍ക്കാരിനെയും അതിന്റെ നയങ്ങളെയും ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് മുഖ്യലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന കരട് രാഷ്ട്രീയ പ്രമേയമാണ് സി.പി.ഐ.എം അംഗീകരിച്ചത്.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ലെന്നും കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രമേയം അംഗീകരിച്ച സി.പി.ഐ.എം കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ലെന്ന തീരുമാനം സ്വീകരിക്കുന്നതിലെ ഔചിത്യത്തെക്കുറിച്ച് ദേശീയ രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിയിക്കുന്നതിനാണ് പിന്നീട് രാഷ്ട്രീയ ലോകം സാക്ഷ്യം വഹിച്ചത്.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമാകാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പരസ്യ നിലപാടുകള്‍ സ്വീകരിച്ചത് രാഷ്ട്രീയ കരട് പ്രമേയ രേഖയെ നേരത്തെ വാര്‍ത്തകളിലേക്ക് നയിച്ചിരുന്നു. യെച്ചൂരി അവതരിപ്പിച്ച കരട് രേഖയെ വോട്ടിനിട്ട് തള്ളിയായിരുന്നു കേന്ദ്രകമ്മിറ്റി കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ലെന്ന പ്രമേയം അംഗീകരിച്ചത്. 31 നെതിരെ 55 വോട്ടുകള്‍ക്കായിരുന്നു പ്രകാശ് കാരാട്ടിന്റെ രേഖ കമ്മിറ്റിയില്‍ അംഗീകരിക്കപ്പെട്ടത്.

ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി ധാരണയാകാം എന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനെ ബംഗാളില്‍നിന്നുള്ള പ്രതിനിധികളും ത്രിപുരയിലെയും തമിഴ്നാട്ടിലെയും ഓരോ പ്രതിനിധികളുമാണ് അംഗീകരിച്ചിരുന്നത്. ബംഗാളില്‍ നിന്നുള്ള മൂന്നു പ്രതിനിധികളും കേരളത്തില്‍ നിന്നുള്ള പ്രതിനിധികളും കാരാട്ട് പക്ഷത്തിന്റെ നിലപാടിനൊപ്പം നിന്ന് യെച്ചൂരിയുടെ രേഖയെ എതിര്‍ക്കുകയായിരുന്നെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണുമ്പോഴും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടേണ്ടതില്ലെന്ന സി.പി.ഐ.എം നിലപാടിനോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലെ സി.പി.ഐ.എം, സി.പി.ഐ നേതാക്കളും പ്രതികരിക്കുകയുണ്ടായി. സി.പി.ഐ.എം ചരിത്ര പരമായ മണ്ടത്തരം ആവര്‍ത്തിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. “ബി.ജെ.പിയോട് പോരാടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം വോട്ടിനിട്ട് തള്ളിയത് വഴി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിച്ചിരിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.

രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം ഭരണത്തിലിരിക്കുന്ന പാര്‍ട്ടി എങ്ങിനെയാണ് കേന്ദ്ര ഭരണം കൈയ്യാളുന്ന ബി.ജെ.പിയെ എതിര്‍ക്കുകയെന്നും ചെന്നിത്തല ചോദിച്ചു. “കേരളത്തിലും ത്രിപുരയിലും മാത്രം അവശേഷിക്കുന്ന സി.പി.ഐ.എം എങ്ങനെയാണ് ഇന്ത്യയില്‍ അധികാരം കൈയാളുന്ന ബി.ജെ.പിയെ എതിരിടുന്നത്. ബി.ജെ.പി രാജ്യത്തെ അപകടത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞ് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ കക്ഷികളുടെയും ഒന്നിച്ചുള്ള പോരാട്ടമാണ് വേണ്ടത്. അതിന് തയ്യാറാവാത്ത സി.പി.ഐ.എം ഫലത്തില്‍ ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുന്നത്”.- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സി.പി.ഐ.എമ്മിന് ഇഷ്ടം മോദിയുടെ ഭരണത്തുടര്‍ച്ചയാണെന്നായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ പ്രതികരണം. ഇതിനു ചരിത്രം മാപ്പ് തരില്ലെന്നും ആന്റണി പറയുന്നു. “വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താന്‍ കേരളത്തിലെ സി.പി.ഐ.എമ്മിന് താല്‍പര്യമില്ല. ഇതിന് ചരിത്രം മാപ്പ് തരില്ല.” ആന്റണി പറഞ്ഞു. ഈ നീക്കത്തിലൂടെ നടക്കുന്നത് ആര്‍.എസ്.എസ്-സി.പി.ഐ.എം അഡ്ജസ്റ്റ്‌മെന്റ് നാടകമാണെന്നും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയായ ആന്റണി ആരോപിച്ചു

സി.പി.ഐ.എമ്മിന്റെ കരട് പ്രമേയ രേഖ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതിനു പിന്നാലെ പ്രതികരണവുമായെത്തിയ വി.ടി ബല്‍റാം എം.എല്‍.എ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി സി.പി.ഐ.എം പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും രാജ്യവും രാഷ്ട്രസങ്കല്‍പ്പങ്ങളുടെ അടിത്തറയായ ഭരണഘടനാ മൂല്ല്യങ്ങളും വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ് കാലത്ത് ചെറുതും വലുതുമായ എല്ലാ മതേതര കക്ഷികളുടേയും ഒരു ബൃഹദ് സഖ്യം ഉണ്ടായിവരണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ കരട് രേഖ പ്രമേയം അവരുടെ ആഭ്യന്തര കാര്യമാണെന്നും അതുകൊണ്ട് കോണ്‍ഗ്രസിനു പ്രത്യേക ഗുണങ്ങളൊന്നും ഇല്ലെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ അതിന്റെ പ്രാധാന്യം വളരെയധികമാണെന്നും പറയുന്നു. “സി.പി.ഐ.എമ്മിന്റെ പിന്തുണകൊണ്ട് കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടാനില്ല എന്നതാണ് വാസ്തവം. ത്രിപുരയില്‍ ആകെയുള്ള 2 സീറ്റുകളില്‍ സി.പി.ഐ.എമ്മിന് വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ദേശീയതലത്തില്‍ ആ രണ്ട് സീറ്റുകള്‍ക്ക് എത്ര പ്രാധാന്യമുണ്ടാകുമെന്ന് കണ്ടറിയേണ്ടിവരും. ബംഗാളില്‍ ജനങ്ങള്‍ വെറുത്ത സി.പി.ഐ.എമ്മിനേക്കാളും കോണ്‍ഗ്രസിന് നല്ലത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം തന്നെയാണ്. സ്വയം കോണ്‍ഗ്രസിന് എത്ര സീറ്റുകള്‍ കിട്ടുന്നു എന്നത് മാത്രമല്ല, മമത ബി.ജെ.പിക്കൊപ്പം പോകാതിരിക്കുന്നു എന്നുറപ്പ് വരുത്താനും അതാണ് നല്ലത്.” ബല്‍റാം പറയുന്നു.

കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാതിരിക്കാന്‍ പറയപ്പെടുന്ന കാരണം കോണ്‍ഗ്രസിന്റെ “തെറ്റായ” സാമ്പത്തിക നയമാണെന്നതാണ്. ഏത് കാലത്തും അവരുടെ പരാതി ഇത് തന്നെയാണ്. എന്നാല്‍ എന്താണ് ഇവര്‍ക്ക് മുന്നോട്ടുവെക്കാനുള്ള “ശരിയായ” സാമ്പത്തിക നയം എന്നോ ലോകത്തെവിടെയാണ് ആ നയങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നത് എന്നോ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അത് വിജയിക്കുമെന്നതിന് എന്താണുറപ്പ് എന്നോ ഒരിക്കലും ജനങ്ങള്‍ക്ക് മനസ്സിലാവുന്നമട്ടില്‍ വിശദീകരിക്കാന്‍ അവര്‍ക്കായിട്ടില്ലെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും സാമ്പത്തിക നയങ്ങള്‍ ഒരേ മട്ടിലുള്ളതാണെന്ന് സി.പി.ഐ.എമ്മുകാരുടെ പതിവ് ആക്ഷേപമാണെന്നും ബല്‍റാം പറയുന്നു. “തൊണ്ണൂറുകള്‍ക്ക് ശേഷം വന്ന എല്ലാ സര്‍ക്കാരുകളും കോണ്‍ഗ്രസ് തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌ക്കാരങ്ങളാണ് മുന്നോട്ടുകൊണ്ടുപോയത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി സി.പി.ഐ.എം ഉണ്ടാക്കുമെന്ന് കിനാവ് കാണുന്ന മതേതര മുന്നണിയിലെ മറ്റ് ഏത് കക്ഷിക്കാണ് കോണ്‍ഗ്രസിന്റേതില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യാസപ്പെട്ട സാമ്പത്തിക നയമുള്ളത്? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്ന ജയലളിതക്ക് എന്താ മാര്‍ക്സിസ്റ്റ് സാമ്പത്തിക നയമായിരുന്നോ ഉണ്ടായിരുന്നത്?” ബല്‍റാം ചോദിക്കുന്നു.

എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളും ഇന്നത്തെ ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളും തമ്മില്‍ പ്രത്യക്ഷത്തില്‍ത്തന്നെ വലിയ വ്യത്യാസങ്ങളുള്ളതെന്നും എന്നാല്‍ സി.പി.ഐ.എമ്മിന്റെ കണ്ണില്‍ മാത്രം ഇതു പെടുന്നില്ലെന്നും ബല്‍റാം പറയുന്നു.

ചുരുക്കം ചില കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഗുണം ചെയ്യുന്ന നരേന്ദ്രമോദിയുടെ ക്രോണി കാപ്പിറ്റലിസം ഇന്ത്യയുടെ യഥാര്‍ത്ഥ സാമ്പത്തിക പരിഷ്‌ക്കരണത്തെയും സര്‍വ്വാശ്ലേഷിയായ വളര്‍ച്ചയുടേയും താളം തെറ്റിക്കുന്നതാണെന്നും വി.ടി കുറ്റപ്പെടുത്തുന്നു. “മോദി സര്‍ക്കാര്‍ ചെറുകിട മേഖലയെ ഇല്ലാതാക്കുകയാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങളെ മുന്നില്‍ക്കണ്ട് യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ അവകാശാധിഷ്ഠിത ക്ഷേമപദ്ധതികളും മോദി സര്‍ക്കാര്‍ ഏതാണ്ട് ഇല്ലാതാക്കി. അതോടൊപ്പം നോട്ടുനിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയുമൊക്കെ ഒട്ടും ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ നയവിഡ്ഢിത്തങ്ങളും കാര്യക്ഷമതാരാഹിത്യവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം ഇന്ത്യയുടെ സാമ്പത്തിക ക്രമം പൂര്‍ണ്ണമായി മാറ്റി എന്നോ കാലഹരണപ്പെട്ട മാര്‍ക്സിയന്‍ സാമ്പത്തിക സമീപനങ്ങള്‍ സ്വീകരിക്കണം എന്നല്ല എന്ന് മാത്രം.” വി.ടി പറയുന്നു.

അതേസമയം സി.പി.ഐ.എം കരട് രാഷ്ട്രീയ പ്രമേയ പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസുമായുള്ള ഇടതു ബന്ധത്തെക്കുറിച്ച് പ്രതികരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബി.ജെ.പിയെയും സംഘപരിവാറിനെയും പരാജയപ്പെടുത്താന്‍ തയ്യാറുള്ള എല്ലാവരെയും ഒന്നിപ്പിക്കണമെന്ന നിരീക്ഷണമായിരുന്നു നടത്തിയത്.

സി.പി.ഐ.എം പ്രമേയത്തില്‍ പറയുന്നതുപോലെ രാജ്യത്തിന്റെ മുഖ്യശത്രു ബി.ജെ.പിയും സംഘപരിവാറും തന്നെയാണെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി പറയുന്നത്. ബി.ജെ.പിയെയും സംഘപരിവാറിനെയും പരാജയപ്പെടുത്താന്‍ തയ്യാറുള്ള എല്ലാവരെയും ഒന്നിപ്പിക്കണമെന്നും. അതിന് എന്ത് നിലപാടെടുക്കണം എന്നതാവും സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുകയെന്നും കാനം പറയുന്നു.

അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ പാര്‍ട്ടി പിളരുകയല്ല വേണ്ടതെന്നും പുതിയ സാഹചര്യത്തെ സൂക്ഷ്മമായി വീക്ഷിക്കണമെന്നും കാനം പറയുന്നു. “യോജിപ്പിന്റെയും ഐക്യത്തിന്റെയും പുതിയ സാഹചര്യം ഉയര്‍ന്ന് വരണം. അതിന് ഇടതുപക്ഷം തന്നെ മുന്‍കൈയെടുക്കണം. അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ പാര്‍ട്ടി പിളരല്‍ എന്ന നിലപാടിലേക്ക് പോവരുത്. ഒരിക്കല്‍ ഇടതുപക്ഷത്തിന്റെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ പുതിയ സാഹചര്യത്തെ കണ്ണ് തുറന്ന് കാണണം. മോദി ഭരണത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ വിലയിരുത്തുമ്പോള്‍ ആരാണ് മുഖ്യശത്രുവെന്ന കാര്യത്തില്‍ ധാരണയിലെത്തണം. അങ്ങനെ ധാരണയിലെത്തിയില്ലെങ്കില്‍ പരാജയമായിരിക്കും ഫലം.” കാനം ചൂണ്ടിക്കാട്ടി.

സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യന്‍ രവീന്ദ്രനും കാനത്തിനു സമാനമായ നിലപാട് പങ്കുവെയ്ക്കുകയാണുണ്ടായത്. രാജ്യത്തെ വര്‍ഗീയ, ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമായി സാധിക്കില്ലെന്നായിരുന്നു പന്ന്യന്റെ പ്രതികരണം.

ഫാസിസ്റ്റ് ഭരണം ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഇടയൊരുക്കാത്തവണ്ണം സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മതനിരപേക്ഷ കക്ഷികളുടെ പൊതുവേദിയാണ് വേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് കൂട്ടുകെട്ടോ നീക്കുപോക്കോ മാത്രമായി അതിനെ കാണരുതെന്നും പന്ന്യന്‍ പറഞ്ഞു.

അതേസമയം ഇന്നലെ അംഗീകരിച്ച രേഖ പുതിയൊരു നിലപാടല്ലെന്നും പാര്‍ട്ടിയുടെ 17 ാം കോണ്‍ഗ്രസുമുതല്‍ സ്വീകരിച്ചു വരുന്ന നിലപാട് തന്നെയാണെന്നും സിപി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും എം.പിയുമായ എം.ബി രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. “22ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ടീയ പ്രമേഖ രേഖയാണ് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. അതില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ലെന്നാണ് പറയുന്നത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളായ ബി.ജെ.പിയെയാണ് മുഖ്യ ശത്രുവായി സി.പി.ഐ.എം കാണുന്നത്. രാഷ്ട്രീയ കരട് രേഖയും അതാണ് വ്യക്തമാക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടാലെ കഴിയൂ എന്നില്ല.” അദ്ദേഹം പറയുന്നു

വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്തമാണ് സാഹചര്യങ്ങളെന്നും തെരഞ്ഞെടുപ്പു സമയത്ത് അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചാകും ആരുമായി ചേര്‍ന്നാകും തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് എന്നതില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറയുന്നു. “രാഷ്ട്രീയ കരട് രേഖ എന്നത് തെരഞ്ഞെടുപ്പിലേക്കായുള്ള ഒന്നല്ല. അടുത്ത മൂന്നു വര്‍ഷത്തേക്ക് പാര്‍ട്ടി സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെയാണ് അത് സൂചിപ്പിക്കുന്നത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടല്ല അത് സ്വീകരിക്കുന്നത്.” രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെയല്ല രാഷ്ട്രീയ സാഹചര്യങ്ങളെന്നും അതുകൊണ്ട് തന്നെ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ആവശ്യമില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. “വര്‍ഗീയ ശക്തികളായ ബി.ജെ.പി തന്നെയാണ് മുഖ്യ ശത്രു. അവര്‍ക്കെതിരായ പോരാട്ടത്തില്‍ അതിനനുസരിച്ചുള്ള നിലപാടുകളാകും ആ സമയത്ത് അതത് സ്ഥലങ്ങളില്‍ സ്വീകരിക്കുക. കേരളത്തില്‍ ഇപ്പോള്‍ സി.പി.ഐ.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് ആണ് ഏറ്റവും വലിയ കക്ഷി. ഇവിടെ ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ ആവശ്യമില്ല. അതുപോലെ തന്നെയാണ് വിവിധ സ്ഥലങ്ങളിലെ സാഹചര്യം. എല്ലായിടവും കോണ്‍ഗ്രസല്ല മുഖ്യ പ്രതിപക്ഷം അപ്പോള്‍ ആ രീതിയിലുള്ള സമീപനമാണ് ആവശ്യം. ബി.ജെ.പിയെ ചെറുക്കാന്‍ രാജ്യത്തെ മതേതര കക്ഷികളുമായി കൈകോര്‍ക്കുകയാണ് ചെയ്യുക.” അദ്ദേഹം പാര്‍ട്ടി നിലപാട് വ്യക്തമാക്കി.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടുക എന്നത് സി.പി.ഐ.എമ്മിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും ബി.ജെ.പിയെ ഇപ്പോള്‍ അധികാരത്തിലേറ്റിയത് കോണ്‍ഗ്രസിന്റെ നയങ്ങളാണെന്നും രാജേഷ് പറയുന്നു. അങ്ങിനെയൊരു പാര്‍ട്ടിയുമായി ചേര്‍ന്ന് എങ്ങിനെയാണ് സഖ്യത്തിലേര്‍പ്പെട്ട് മത്സരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു.

ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങളെപ്പോലെ തന്നെയാണ് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെന്ന് വിമര്‍ശിച്ച എം.ബി രാജേഷ് കോണ്‍ഗ്രസ് കൊണ്ടുവന്ന പലനയങ്ങളും ഇന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ പിന്തുടരുകയാണെന്നും ചൂണ്ടിക്കാട്ടി. “കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ആധാര്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരായിരുന്നു. അത് ബി.ജെ.പി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. അതുപോലെതന്നെയാണ് ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപവും. കോണ്‍ഗ്രസ് നടപ്പിലാക്കിയ നയം ബി.ജെ.പി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണുണ്ടായത്. ഇത്തരത്തിലുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്ന പാര്‍ട്ടിയുമായി എത്തരത്തിലാണ് തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടുക ?. അത് സി.പി.ഐ.എമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയേയുള്ളു” എം.ബി രാജേഷ് പറഞ്ഞു.

കേരള ഘടകവും ബംഗാള്‍ ഘടകവും അംഗീകരിക്കുന്ന ഒന്നല്ല കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകുന്നതെന്നും എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ അംഗീകരിച്ച പ്രമേയമാണെന്നും പറയുന്ന എം.ബി രാജേഷ് ഇത് കേരള ഘടകത്തിന്റെ തീരുമാനമാണെന്ന വിമര്‍ശനങ്ങളെയും തള്ളി.

ലിജിന്‍ കടുക്കാരം

We use cookies to give you the best possible experience. Learn more