| Monday, 24th February 2025, 10:07 am

ആശാ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളി സി.പി.ഐ.എം; സമരത്തിന് പിന്നില്‍ അരാജക സംഘടനകളെന്ന് ദേശാഭിമാനിയില്‍ എളമരം കരീമിന്റെ ലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നില്‍ 15 ദിവസത്തോളമായി നടന്നുവരുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് എളമരം കരീം തന്റെ വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

സമരത്തിന് പിന്നിൽ അരാജക സംഘടനകളെന്ന് ആരോപിച്ച എളമരം കരീം ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണെന്ന് വിമർശിച്ചു. തത്പരകക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് എളമരം കരീം പറഞ്ഞത്.

ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻ.എച്ച്.എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല. ആശാ വര്‍ക്കര്‍മാരുടെ വേതന വർധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണ്.

2016ൽ വന്ന പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന കെ. കെ. ശൈലജ മുൻകൈയെടുത്ത് ആശമാർക്ക് അനുകൂലനിലപാടുകൾ സ്വീകരിച്ചു. ആശമാർക്ക് ആശുപത്രികളിൽ ഡ്യൂട്ടി നൽകാൻ നടപടി സ്വീകരിച്ചു. കേന്ദ്രത്തിൽ സമ്മർദം ചെലുത്തി ഫിക്സഡ് ഇൻസെൻ്റീവായി 2000 രൂപയും പിന്നീട് ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കി. പിണറായി സർക്കാർ ഘട്ടംഘട്ടമായി ഓണറേറിയം 6000 രൂപയാക്കി. ഓണറേറിയവും ഇൻസെന്റീവും അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. ഇതെല്ലാം നേടിയെടുത്തത് ആശാവർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ്,’ അദ്ദേഹം പറഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും. കോൺഗ്രസ്‌ നേതാവ് കെ. മുരളീധരൻ ഇന്ന് സമരപ്പന്തൽ സന്ദർശിക്കും. തങ്ങൾ ഉയർത്തിയിരിക്കുന്ന ആവശ്യങ്ങൾ നൂറ് ശതമാനം ശരിയാണ്. അത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ട് കഴിഞ്ഞു. ഇനി സർക്കാർ വിഷയത്തിൽ തീരുമാനം എടുക്കണമെന്നും പരിഗണിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.

Content Highlight: CPIM rejects Asha workers’ strike; Elamaram Karim’s article in Desabhimani says anarchist organizations are behind the strike

We use cookies to give you the best possible experience. Learn more