കമല്‍ഹാസന് ഇടതുപക്ഷ രാഷ്ട്രീയം അറിയില്ല, അദ്ദേഹം ഇതിന് മറുപടി അര്‍ഹിക്കുന്നുമില്ല; 25 കോടി ആരോപണത്തില്‍ സി.പി.ഐ.എം
national news
കമല്‍ഹാസന് ഇടതുപക്ഷ രാഷ്ട്രീയം അറിയില്ല, അദ്ദേഹം ഇതിന് മറുപടി അര്‍ഹിക്കുന്നുമില്ല; 25 കോടി ആരോപണത്തില്‍ സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th March 2021, 6:13 pm

ചെന്നൈ: ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്‍ഹാസന് അറിയില്ലെന്ന് തമിഴ്‌നാട് നിന്നുള്ള സി.പി.ഐ.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ജി. രാമകൃഷ്ണന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം വാങ്ങിയാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്ന കമല്‍ ഹാസന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്‍ ഹാസന് അറിയില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും അദ്ദേഹത്തിനറിയില്ല. ഇതാണ് ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മിന് പറയാനുള്ളത്,’ ജി. രാമകൃഷ്ണന്‍ പറഞ്ഞു.

 

ഇത്തരം ആരോപണങ്ങള്‍ക്ക് കമല്‍ഹാസന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങിയാണ് ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്നായിരുന്നു കമല്‍ ഹാസന്റെ ആരോപണം. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിടിവാശിയും മുന്‍വിധിയുമാണ് ഇത്തവണ മക്കള്‍ നീതി മയ്യവും ഇടതുപാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തിന് കാരണമായതെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സി.പി.ഐ.എമ്മിന് പത്ത് കോടി രൂപയും സിപിഐക്ക് 15 കോടി രൂപയും നല്‍കിയിരുന്നതായി ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പ്രചാരണത്തിനായി നല്‍കിയതാണെന്നായിരുന്നു അന്ന് സംസ്ഥാന നേതൃത്വം അറിയിച്ചത്.

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് ഇത്തവണ കമല്‍ ഹാസന്‍ മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM reacts over Kamal Haasan allegation that communist parties buy 25 crore