| Wednesday, 28th September 2022, 11:14 am

'നിലപാടില്‍ മാറ്റമില്ല, വര്‍ഗീയതക്കെതിരാണെങ്കില്‍ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചിട്ട് കാര്യമില്ല': സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച വിഷയത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം.

പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള സംഘടനകളെ നിരോധിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന മുമ്പത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വര്‍ഗീയതക്കെതിരെയാണ് നീക്കമെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചിട്ട് കാര്യമില്ലെന്നും അതേസമയം, പുതിയ സാഹചര്യം സംബന്ധിച്ച നിലപാടില്‍ കേന്ദ്ര കമ്മിറ്റി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയാണ് അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള നിലപാടെന്ന രീതിയില്‍ പറയേണ്ടത്. അത് പറയുന്ന മുറക്ക് നമുക്ക് നമ്മുടെ നിലപാടുകള്‍ വ്യക്തമാക്കാം. ഇപ്പോള്‍ അത് സംബന്ധിച്ച കാര്യം പറയാന്‍ സാധിക്കില്ല.

നിലപാട് ഇന്നലത്തേത് തന്നെയാണ്. നിരോധനം കൊണ്ട് കാര്യങ്ങള്‍ പരിഹരിക്കാനാകും എന്ന തെറ്റിദ്ധാരണ ഞങ്ങള്‍ക്കാര്‍ക്കുമില്ല. നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പറഞ്ഞാലേ പറയാന്‍ സാധിക്കൂ.

വര്‍ഗീയതക്കെതിരായ സ്റ്റെപ്പാണെങ്കില്‍ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചിട്ട് കാര്യമില്ലല്ലോ,” എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നിരോധനം കൊണ്ട് മാത്രം വര്‍ഗീയതയെ തടയാന്‍ കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ട സംഘടന ആര്‍.എസ്.എസാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞിരുന്നു.

”പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കണം. നിരോധിച്ചതുകൊണ്ട് ഒരു പ്രസ്ഥാനത്തിന്റെ ആശയം അവസാനിക്കില്ല.

നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെയാണ്,” എന്നായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയെ മുസ്‌ലിം ലീഗ് സ്വാഗതം ചെയ്തു. നിരോധനത്തെ അനുകൂലിക്കുന്നുവെന്ന് ലീഗ് നേതാവ് എം.കെ. മുനീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ റിക്രൂട്ട് ചെയ്തു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘനകളെയും നിരോധിച്ചിരിക്കുന്നത്.
നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.

സംഘടന യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കന്‍മാരുടെ വീടുകളിലും എന്‍.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തില്‍ വന്‍ റെയ്ഡ് നടന്നിരുന്നു. 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ദേശീയ നേതാക്കളടക്കം നിരവധിപേരെ കസ്റ്റഡിയിലെടുത്തിരുന്നു.

എന്‍.ഐ.എ നടപടിക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയും എന്‍.ഐ.എ റെയ്ഡും നടപടികളും തുടര്‍ന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും കൂടി ഉള്‍പ്പെട്ടതോടെ നിലവില്‍ 42ലധികം സംഘടനകളാണ് കേന്ദ്ര സര്‍ക്കാരിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

Content Highlight: CPIM reacts on the ban on Popular Front of India

We use cookies to give you the best possible experience. Learn more