തിരുവനന്തപുരം: ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് സി.പി.ഐ.എം രാജ്യസഭ എം.പി ജോണ്‍ ബ്രിട്ടാസ്. ശശി തരൂരിന് അടിത്തട്ടില്‍ ബന്ധങ്ങളില്ല, പ്രവര്‍ത്തകരുമായി സൗഹൃദമില്ല, പാരമ്പര്യമില്ല എന്നൊക്കെ പറയുന്ന വാദത്തോട് തനിക്ക് യോജിപ്പില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.
‘കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചാണിത്. അധ്യക്ഷ തെരഞ്ഞെടുപ്പ് ആഭ്യന്തര കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പറയുന്നില്ല. മറിച്ച് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണല്ലോ കെ.സുധാകരനും വി.ഡി. സതീഷിനും കെ. മുരളീധരനുമൊക്കെ പരസ്യമായി പ്രതികരിക്കുന്നതും പത്രസമ്മേളനം നടത്തുന്നതുമൊക്കെ.
സ്ഥാനാര്‍ത്ഥി ശശിതരൂര്‍ എണ്ണമറ്റ അഭിമുഖങ്ങളും ആശയവിനിമയങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. 9000+ അംഗങ്ങളുള്ള ഇലക്ട്രല്‍ കോളേജുമായി പുലബന്ധമില്ലാത്ത ഐ.ഐ.ടി വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു.
ഒരു കാര്യം പറയുമ്പോള്‍ കോണ്‍ഫ്‌ളിറ്റ് ഓഫ് ഇന്ററസ്റ്റ് വ്യക്തമാക്കണം എന്നതാണല്ലോ ചട്ടം. ശശിതരൂരിനോട് എനിക്ക് ബഹുമാനവും ഇഷ്ടവുമാണ്. ഞങ്ങള്‍ ഒരു പാര്‍ലമെന്ററി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പല കാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാറുണ്ട്. ഞാന്‍ അംഗമായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദ്ദേഹത്തിന്റെ പരിഗണനക്കും വാത്സല്യത്തിനും ഞാന്‍ പാത്രമായിട്ടുണ്ട്.
ശശിതരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി കാണണമെന്നാണ് എന്റെ ആഗ്രഹം. രണ്ട് സ്ഥാനാര്‍ത്ഥികളെ താരതമ്യം ചെയ്യുമ്പോഴുള്ള നിഗമനമാണിത്. ശശിതരൂരിന് അടിത്തട്ടില്‍ ബന്ധങ്ങളില്ല, പ്രവര്‍ത്തകരുമായി സൗഹൃദമില്ല, പാരമ്പര്യമില്ല എന്നൊക്കെ പറയുന്ന വാദത്തോട് എനിക്ക് യോജിപ്പില്ല,’ ബ്രിട്ടാസ് പറഞ്ഞു.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്. തരൂര്‍ പറയുന്ന പലതിനോടും എനിക്ക് യോജിപ്പുണ്ട്.
കോണ്‍ഗ്രസിന് ആശയപരമായും സംഘടനപരമായും ദൃഢതയുണ്ടാകണം, ഹൈക്കമാന്റ് സംസ്‌കാരം അവസാനിപ്പിക്കണം, സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരവും ആ തീരുമാനത്തിന്റെ ഉത്തരവാദിത്വവും നല്‍കണം എന്നിങ്ങനെ കുറേ കാര്യങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്.