ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ.എം സമരത്തിന്
Kerala
ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ.എം സമരത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th October 2012, 8:00 am

പാലക്കാട്: യു.ഡി.എഫ് സര്‍ക്കാറിന്റെ ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ.എം പ്രത്യക്ഷ ഭൂസമരത്തിന് ഒരുങ്ങുന്നു. ജനുവരി ഒന്നുമുതല്‍ സമരം തുടങ്ങാനാണ് സി.പി.ഐ.എം തീരുമാനിച്ചിരിക്കുന്നത്.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള കര്‍ഷകസംഘം, കെ.എസ്.കെ.ടി.യു., ആദിവാസി ക്ഷേമസമിതി, പട്ടികജാതി കോളനി അസോസിയേഷന്‍ എന്നിവ സംയുക്തമായി നടത്തിയ സംസ്ഥാനതല സമരപ്രഖ്യാപന കണ്‍വെന്‍ഷനലിലാണ് തീരുമാനം.[]

ഭൂരഹിതരായവര്‍ക്ക് മുഴുവന്‍ ഭൂമി നല്‍കുക, ഭൂമിദാനത്തില്‍ പട്ടികജാതിവിഭാഗത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി നല്‍കുക, ഭൂമി സംബന്ധമായ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുക,   പാട്ടക്കരാര്‍ ലംഘിച്ചതും കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ തൊഴിലാളികളെ സംരക്ഷിച്ച് ഏറ്റെടുക്കുക, നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കുക, നെല്‍ക്കൃഷി ലാഭകരമായി നടത്താന്‍ താങ്ങുവിലയും സബ്‌സിഡിയും ഉറപ്പുവരുത്തുക, ഭൂപരിഷ്‌കരണഭേദഗതി നിയമവും തോട്ടംഭൂമിയുടെ അഞ്ചുശതമാനം ടൂറിസമുള്‍പ്പെടെയുള്ള മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന ഭേദഗതി റദ്ദാക്കുക, ബിനാമി പേരില്‍ എസ്‌റ്റേറ്റുകാരും കോര്‍പറേറ്റുകളും വാങ്ങിക്കൂട്ടിയ ഭൂമി മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമിയില്‍ പ്രവേശിച്ച് നടത്തുന്ന സമരമുള്‍പ്പെടെ വിവിധ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. ഭൂസമരം വിജയിപ്പിക്കുന്നതിന് വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രന്‍പിള്ള കണ്‍വെന്‍ഷന്‍  ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പാലോളി മുഹമ്മദ്കുട്ടി, എ. വിജയരാഘവന്‍, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ.പി. ജയരാജന്‍, കെ.എസ്.കെ.ടി.യു സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ.ബാലന്‍, ആദിവാസിക്ഷേമസമിതി സംസ്ഥാനസെക്രട്ടറി വിദ്യാധരന്‍ കാണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

1969ല്‍ ആലപ്പുഴയില്‍ നടന്ന കര്‍ഷക സമരപ്രഖ്യാപന കണ്‍വെന്‍ഷനുശേഷം സമാന ആവശ്യമുന്നയിച്ച് നടത്തുന്ന ആദ്യ കണ്‍വെന്‍ഷനാണ് പാലക്കാട്ട് നടന്നത്.