| Thursday, 4th March 2021, 11:09 am

കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് സെക്രട്ടറിയോ സെക്രട്ടറിയേറ്റോ?; സി.പി.ഐ.എമ്മിലും പോസ്റ്റര്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് എതിരെ പ്രതിഷേധവുമായി എറണാകുളത്ത് പോസ്റ്ററുകള്‍. കുന്നത്ത് നാട് സീറ്റ് 30 കോടി രൂപയ്ക്ക് വിറ്റുവെന്ന് ആരോപിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സേവ് സി.പി.ഐ.എം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടിയുമായി അടുത്ത് നില്‍ക്കുന്ന ആളുകളെ തഴഞ്ഞ് മറ്റുള്ളവര്‍ക്ക് നല്‍കുന്നുവെന്നാണ് പ്രധാന ആരോപണം.

‘കുന്നത്ത്‌നാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ്? സെക്രട്ടറിയോ, സെക്രട്ടറിയേറ്റോ? പ്രതിഷേധിക്കുക സഖാക്കളെ’ എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം പുനപരിശോധിക്കണമെന്നതടക്കമുള്ള ആവശ്യവും ഇതിലൂടെ ഉന്നയിക്കുന്നുണ്ട്. മുന്‍ കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന വ്യക്തിയെ ശ്രീനിജന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പ്രചാരണമുണ്ട്. ഇതിനെതിരെ സി.പി.ഐ.എമ്മില്‍ ഒരു വിഭാഗം എതിര്‍പ്പുന്നയിച്ചിട്ടുണ്ട്.

അതേസമയം പോസ്റ്ററിന് പിന്നില്‍ കോണ്‍ഗ്രസ് എം.എല്‍.എ ആണെന്നാണ് സി.പി.ഐ.എം ഏരിയാ സെക്രട്ടറി സി. വി ദേവര്‍ശിന്റെ പ്രതികരണം.

നേരത്തെ കോണ്‍ഗ്രസിലും സമാനമായ രീതിയില്‍ പോസ്റ്റര്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിനും റോബിന്‍ പീറ്റര്‍ക്കുമെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് കെ മുരളീധരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന് കാണിച്ച് കോഴിക്കോട് നഗരത്തില്‍ പലയിടങ്ങളിലും പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM poster protest in Kunnathunad Constituency in Eranakulam

We use cookies to give you the best possible experience. Learn more