| Wednesday, 5th October 2022, 5:23 pm

രാഷ്ട്രീയ പാര്‍ട്ടികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് മേല്‍ കൈകടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കത്തെ എതിര്‍ക്കും: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ സി.പി.ഐ.എം. രാഷ്ട്രീയ പാര്‍ട്ടികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് മേല്‍ കൈകടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കത്തെ എതിര്‍ക്കുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പറഞ്ഞു.

സി.പി.ഐ.എം ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റല്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന ചുമതലയെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനങ്ങളും ക്ഷേമ നടപടികളും പരിശോധിക്കാനുള്ള ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് എങ്ങനെ ധനസഹായം കണ്ടെത്തുമെന്നും അത് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നും വെളിപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിര്‍ബന്ധിതമാക്കുന്ന തരത്തില്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം തികച്ചും അനാവശ്യമായ ഒന്നാണെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ തീരുമാനങ്ങള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ലെന്നും അങ്ങനെ ചെയ്താല്‍ അത് അമിതാധികാര പ്രയോഗമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രിലില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. എക്‌സിക്യൂട്ടീവിന്റെ സമ്മര്‍ദം മൂലമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ ദുരീകരിക്കുന്നതിനുള്ള നയപരമായ നടപടികള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം ഇല്ലാതാക്കാനും അതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുമുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുന്നുവെന്നും സി.പി.ഐ.എം പറഞ്ഞു.

അതേസമയം, ഒക്ടോബര്‍ 19നകം ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായം തേടും. ഇവ കൂടി പരിഗണിച്ചാണ് മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുക.

CONTENT HIGHLIGHTS: CPIM Politburo Will oppose Election Commission move that encroaches on democratic rights of political parties

We use cookies to give you the best possible experience. Learn more