ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച ഐ.ടി ചട്ടങ്ങളിലെ ഭേദഗതികള്‍ ജനാധിപത്യ വരുദ്ധമാണെന്നും, ഇത് ഉടന്‍ പിന്‍വലിക്കണമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ.
വാര്‍ത്തകള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ പോസ്റ്റുചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കമ്പനികള്‍ക്ക് പരിരക്ഷ നല്‍കുന്ന വ്യവസ്ഥയായ ‘സേഫ് ഹാര്‍ബര്‍ ഇമ്യൂണിറ്റി’ നഷ്ടപ്പെടുമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
‘കേന്ദ്രസര്‍ക്കാരിനെക്കുറിച്ചുള്ള ‘വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ’ വിവരങ്ങള്‍ പരിശോധിക്കാനും ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളോട് അത് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കാനും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് (PIB) അധികാരം നല്‍കുന്ന ഐ.ടി ചട്ടങ്ങള്‍ 2021ലെ ഭേദഗതികളെ ശക്തമായി എതിര്‍ക്കുന്നു.
പി.ഐ.ബിക്ക് നല്‍കുന്ന അധികാരങ്ങള്‍ ഈ സമൂഹ മാധ്യമങ്ങളെയും അതിന്റെ ഉപയോക്താക്കളെയും സെന്‍സറിങ്ങിന് വിധേയമാക്കുന്നതിന് തുല്യമാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും അസ്വീകാര്യവുമാണ്. ഐ.ടി ചട്ടങ്ങളിലെ ഈ ഭേദഗതികള്‍ ഉടന്‍ പിന്‍വലിക്കണം,’ സി.പിഐ.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഐ.ടി നിയമത്തില്‍ ഭേദഗതി വരുത്തി ഐ.ടി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന വസ്തുതാ പരിശോധന സമിതിക്ക് വാര്‍ത്തകള്‍ പരിശോധിക്കാനും വ്യാജവാര്‍ത്തയാണോ അല്ലയോ എന്ന് നിര്‍ണയിക്കാനും അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
ഈ ഭേദഗതി ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞിരുന്നു. ഇത് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സെന്‍സര്‍ഷിപ്പിന് സമാനമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: CPIM Politburo says that the amendments in the IT rules decided by the central government are a democratic waste