ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ എല്ലാ കുറ്റാരോപിതരേയും ഉടന്‍ മോചിപ്പിക്കണമെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ.
കേസില്‍ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റല്‍ ഫോറന്‍സിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തിലാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം.
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ കേസില്‍ കുടുങ്ങിയാണ് ഫാ. സ്റ്റാന്‍ സ്വാമി മരിച്ചത്. അദ്ദേഹത്തിന്റെ കസ്റ്റഡി മരണം കൊലപാതകമാണെന്നും സി.പി.ഐ.എം പ്രതികരിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷകളെയോ കുറ്റവിമുക്തരാക്കണമെന്ന ഹരജികളെയോ എന്‍.
ഐ.എ എതിര്‍ക്കരുത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഫോറന്‍സിക് തെളിവുകള്‍ സമയബന്ധിതമായി നീതിപൂര്‍വമായ പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പോളിറ്റ് ബ്യൂറോ പറഞ്ഞു.
‘ഹാക്കിങ് വഴി 2017-19 കാലത്ത് ഫാ. സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി നിക്ഷേപിച്ച വ്യാജരേഖകളാണ് ‘തെളിവുകള്‍’ എന്ന പേരില്‍ കണ്ടെടുത്തതെന്നാണ് അമേരിക്കയിലെ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
2014 മുതല്‍ അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍ നിരീക്ഷണത്തിലായിരുന്നു. ഫാ. സ്റ്റാന്‍ ഈ രേഖകള്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായി, ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് പരിമിതമായ സൗകര്യംപോലും അനുവദിച്ചില്ല.
ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതരായവര്‍ക്ക് എതിരായ തെളിവുകള്‍ എന്ന പേരില്‍ ഹാജരാക്കിയ രേഖകളുമായി ബന്ധപ്പെട്ട് ഒരേ രീതിയിലുള്ള അഞ്ചാമത്തെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇത്തരം തെളിവുകളുടെ പേരിലാണ് ഇവരെ യു.എ.പി.എ പ്രകാരം ജയിലില്‍ അടച്ചിരിക്കുന്നത്.
പുറത്തുവന്ന വസ്തുത അംഗീകരിക്കാന്‍ എന്‍.ഐ.എയോ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാരോ തയ്യാറാകാത്തത് അപലപനീയമാണ്,’ പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
എതിര്‍ക്കുന്നവരെ കുടുക്കാനും ജയിലില്‍ അടയ്ക്കാനും തെളിവുകള്‍ കെട്ടിച്ചമച്ചും എന്‍.ഐ.എയെ ഉപയോഗപ്പെടുത്തിയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ് വെളിച്ചത്തായത്. ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആര്‍ക്കും നാളെ സമാനമായ അനുഭവം ഉണ്ടാകാമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.