ന്യൂദല്‍ഹി: 1991ലെ ആരാധനാലയ നിയമത്തിന്റെ ഉദ്ദേശലക്ഷ്യത്തിന്റെ വ്യക്തമായ ലംഘനമാണ് ഗ്യാന്‍വാപി മസ്ജിദ് കേസില്‍ വാരാണസിയിലെ ജില്ലാ കോടതിയുടെ വിധിയെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ.
പള്ളിക്കകത്ത് ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ടുള്ള ഹരജികള്‍ നിലനില്‍ക്കുമെന്നും അവ നിയമവിരുദ്ധമല്ലെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ജുഡീഷ്യറിയിലെ ഒരു വിഭാഗം ഈ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സി.പി.ഐ.എം പാളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യംവെക്കുകയാണ് ഭരണത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത് എന്നത് വ്യക്തമാണ്. ക്ഷേത്രങ്ങള്‍ തകര്‍ത്ത സ്ഥലങ്ങളിലാണ് ഇന്നത്തെ മസ്ജിദുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന വാദം മതവികാരം ഉണര്‍ത്താനും വര്‍ഗീയ അജണ്ടക്കായും കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്നതാണ്.
മഥുരയിലെയും വാരാണസിയിലെയും പോലെയുള്ള വര്‍ഗീയപ്രേരിതമായ ഹരജികള്‍ തടയുന്നതിനും സാമുദായിക സൗഹാര്‍ദം ഉയര്‍ത്തിപ്പിടിക്കുക എന്ന ദേശീയ താത്പര്യം സംരക്ഷിക്കാനും വേണ്ടിയുള്ളതാണ് 1991ലെ നിയമം. ഈ ഉദ്ദേശം നടപ്പിലാക്കണമെന്നും, 1991ലെ നിയമം കര്‍ശനമായി പാലിക്കപ്പെടണമെന്നും സി.പി.ഐ.എം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
The CPI(M) reiterates its support for the strict implementation of the 1991 law based on the spirit behind and the intention of the law.https://t.co/itexoTkfGI
കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദുത്വ പക്ഷക്കാരായ സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് വാരാണസി കോടതി വ്യക്തമാക്കിയത്. ഗ്യാന്‍വാപി മസ്ജിദിന്റെ ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് ഹരജി സമര്‍പ്പിച്ചത്. ഇവരുടെ ഹരജി പരിഗണിക്കുന്നതിനിടെ പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍വേക്കെതിരെ മസ്ജിദ് കമ്മിറ്റി വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
പള്ളിയില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. സര്‍വേ നടത്താന്‍ അഭിഭാഷക സംഘത്തെ കോടതി നിയമിച്ചിരുന്നു. സര്‍വേക്കിടയിലും വിവിധ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും പിന്നീട് സംഘം സര്‍വേയുമായി മുന്നോട്ടുപോകുകയായിരുന്നു.
ഇതിനിടെ പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി അഭിഭാഷകര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ അത് ശിവലിംഗമല്ലെന്നും കണ്ടെടുത്തത് മസ്ജിദിന്റെ നമസ്‌കാര സ്ഥലത്തുള്ള ഫൗണ്ടന്‍ ആണെന്നുമായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രതികരണം.
മസ്ജിദില്‍ നടന്ന സര്‍വേയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദ് പണ്ട് ഹിന്ദു ക്ഷേത്രമുണ്ടായിരുന്ന ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നത് എന്ന ഹിന്ദുത്വവാദികളുടെ ആരോപണം തെറ്റാണെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.
1991ലെ ആരാധനാലയ നിയമപ്രകാരം സ്വാതന്ത്ര്യം ലഭിച്ച സമയത്ത് സ്ഥിതി ചെയ്തിരുന്ന നിലയില്‍ ആരാധനാലയങ്ങളെ നിലനിര്‍ത്താനുള്ള നിയമമിരിക്കെ മസ്ജിദിനെതിരെ വരുന്ന ആരോപണങ്ങള്‍ ശരിവെക്കാനാകില്ലെന്നും നിലനില്‍ക്കില്ലെന്നും സുപ്രീം കോടതിയില്‍ ഹരജിക്കാര്‍ പറഞ്ഞിരുന്നു.
Content Highlights: CPIM Polit buro said the district court’s verdict in the Gyanvapi Masjid case was a clear violation of the intent of the Places of Worship Act, 1991