| Saturday, 16th October 2021, 9:49 pm

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം; ബി.എസ്.എഫിന്റെ അധികാരപരിധി ഉയര്‍ത്തിയത് പിന്‍വലിക്കണമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സി (ബി.എസ്.എഫ്)ന്റെ അധികാരപരിധി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ. ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് ബി.എസ്.എഫ് അധികാരം വര്‍ധിപ്പിച്ചതിനെതിരേയാണ് പോളിറ്റ്ബ്യൂറോ പ്രസ്താവന പുറത്തിറക്കിയത്.

പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ 50 കിലോമീറ്റര്‍ എന്ന നിലയിലേയ്ക്കാണ് സേനയുടെ പരിധി ഉയര്‍ത്തിയത്. മുന്‍പ് ഇത് 15 കിലോമീറ്ററായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കും ഫെഡറല്‍ സംവിധാനത്തിനും എതിരാണെന്നാണ് പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

പൊലീസിങ്, നിയമസംവിധാനം എന്നിവ സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍പ്പെടുന്ന കാര്യമാണെന്നും എന്നാല്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് ഇപ്പോഴത്തെ നടപടിയെന്നും നമ്മുടെ ഭരണഘടനയുടെ പ്രധാന സവിശേഷതയായ ഫെഡറലിസത്തെയാണ് ഇത് തകര്‍ക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ എതിര്‍ത്ത് പശ്ചിമ ബംഗാള്‍, പഞ്ചാബ് സര്‍ക്കാരുകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ലംഘിക്കുന്നതും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നുമായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞത്. ബംഗാള്‍ സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് തീരുമാനം കൈക്കൊണ്ടതെന്നും അവര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും പ്രതികരിച്ചിരുന്നു.

2014ല്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍ മേഖലയിലും കള്ളക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ബി.എസ്.എഫിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ ചില പ്രത്യേക അധികാരം നല്‍കിയിരുന്നു. ഇതാണ് 50 കിലോമീറ്ററായി ഉയര്‍ത്തിയത്.

അധികാരപരിധി ഉയര്‍ത്തിയതോടെ ഈ മേഖലയില്‍ പരിശോധന നടത്താനും നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കാനും ആളുകളെ അറസ്റ്റ് ചെയ്യാനും ബി.എസ്.എഫിന് അധികാരം ലഭിക്കും.

എന്നാല്‍ ഗുജറാത്തില്‍ അതിര്‍ത്തിക്ക് സമാന്തരമായി 80 കിലോമീറ്ററായിരുന്ന ബി.എസ്.എഫിന്റെ അധികാര പരിധി 50 കിലോമീറ്ററായി കുറക്കുകയാണുണ്ടായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: CPIM politburo releases statement against increasing the jurisdiction of BSF in three states

We use cookies to give you the best possible experience. Learn more