'ഹമാസിന്റേത് ഫലസ്തീന് നേരെ പതിറ്റാണ്ടുകളായി ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങള്‍ക്കുള്ള സഹികെട്ട പ്രതികരണം'
കോഴിക്കോട്: ഇസ്രഈല്‍- ഹമാസ് ഏറ്റുമുട്ടലില്‍ പ്രതികരണവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഫലസ്തീന് നേരെ പതിറ്റാണ്ടുകളായി ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങള്‍ക്കുള്ള സഹികെട്ട പ്രതികരണമാണ് ശനിയാഴ്ച രാവിലെ ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
2006ലെ യുദ്ധത്തിനുശേഷം ഫലസ്തീനികളില്‍ നിന്ന് ഇസ്രഈല്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നടന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
ഇസ്രഈല്‍ ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന അടിച്ചമര്‍ത്തലും അക്രമവും അവരുടെ പ്രദേശങ്ങള്‍ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചര്‍ച്ചയിലേക്ക് വരികയാണ് വേണ്ടത്. ഫലസ്തീനികളുടെ ദീര്‍ഘകാല സുഹൃത്തായ ഇന്ത്യ അവിടുത്തെ സമാധാനത്തിനുള്ള മുന്‍കൈ എടുക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എ. ബേബിയുട ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരുപം
ഫലസ്തീന്‍ ജനതക്കുനേരെ പതിറ്റാണ്ടുകളായി ഇസ്രഈല്‍ നടത്തിവരുന്ന ഫാസിസ്റ്റ് അക്രമങ്ങളും ഫലസ്തീനി പ്രദേശങ്ങള്‍ തുടര്‍ച്ചയായി കയ്യേറുന്നതും അവിടെ ബലാല്‍ക്കാരേണ സയണിസ്റ്റ് കുടിയേറ്റം ഉറപ്പിക്കുന്നതും കുറേക്കാലമായി ലോകം ഫലത്തില്‍ അംഗീകരിക്കുന്നവിധം കണ്ടില്ലെന്നു നടിച്ചുവരികയായിരുന്നു.
അതിനോടുള്ള ഒരു സഹികെട്ട പ്രതികരണമാണ് ഹമാസ് ഇസ്രഈലിനെതിരെ ഇന്നു വെളുപ്പിന് ആരംഭിച്ച യുദ്ധം. വലിയ സൈനികശക്തിയായ ഇസ്രഈല്‍ തന്നെ ഒരുപക്ഷേ ഈ യുദ്ധത്തില്‍ അമേരിക്കന്‍ പിന്തുണയോടെ ജയിച്ചേക്കാം. ഗാസ പ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടാക്കാനും അവര്‍ക്ക് ശേഷിയുണ്ട്.
പാശ്ചാത്യരാജ്യങ്ങളെല്ലാം, യു.എസ്.എയും ഫ്രാന്‍സും ഇംഗ്ലണ്ടും ജര്‍മനിയും ഒക്കെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലിനൊപ്പം രംഗത്തുവന്നിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷമുള്ള ഏകധ്രുവലോകത്ത് ഏറെക്കുറെ പാശ്ചാത്യ ശക്തികളുടെ തന്നിഷ്ടം മാത്രമാണ് നടക്കുന്നത് എന്നതാണ് സാഹചര്യം.
എന്നാലും 2006ലെ യുദ്ധത്തിനുശേഷം ഫലസ്തീനികളില്‍ നിന്ന് ഇസ്രഈല്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നടന്നത്. ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടം പോലെ. ആയിരക്കണക്കിന് റോക്കറ്റുകളാണ് ഗാസയില്‍ നിന്ന് ഇസ്രഈലിനെതിരെ തൊടുത്തുവിട്ടത്. ഇസ്രഈല്‍ അതിര്‍ത്തി തകര്‍ത്ത് പാലസ്തീന്‍ പോരാളികള്‍ ഇസ്രഈലിനുള്ളില്‍ കടന്നുചെന്ന് ആക്രമണം നടത്തി. ഇതില്‍ നൂറു കണക്കിന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇസ്രഈലികള്‍ക്ക് പരിക്ക് പറ്റി. പട്ടാളക്കാര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം ഇസ്രഈലികളെ ഹമാസ് യുദ്ധത്തടവുകാരായി പിടിച്ചിട്ടുമുണ്ട്.
മാസങ്ങള്‍ എടുത്തിട്ടുണ്ടാവണം ഈ പ്രത്യാക്രമണയുദ്ധത്തിന്റെ ആസൂത്രണത്തിന്. അത് ഇസ്രഈലിന്റെ പുകഴ്ത്തപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സി മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ ‘അയണ്‍ ഡോമി’നോ തടയാന്‍ ആയില്ല എന്നത് ഇസ്രഈലിന്റെ മുഖത്ത് ഏറ്റ കനത്ത അടിയാണ്.
മക്കയും മദീനയും കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ സ്ഥലമായ കിഴക്കന്‍ ജറുസലേമിലെ അല്‍ അക്‌സ പള്ളിയില്‍ ജൂതതീവ്രവാദികള്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ ആണ് ഇപ്പോഴത്തെ യുദ്ധത്തിന് പ്രകോപനമായത്. ഇസ്രഈല്‍ ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന അടിച്ചമര്‍ത്തലും അക്രമവും അവരുടെ പ്രദേശങ്ങള്‍ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചര്‍ച്ചയിലേക്ക് വരികയാണ് വേണ്ടത്. ഫലസ്തീനികളുടെ ദീര്‍ഘകാല സുഹൃത്തായ ഇന്ത്യ അവിടുത്തെ സമാധാനത്തിനുള്ള മുന്‍കൈ എടുക്കുകയും വേണം.
Content Highlight: CPIM politburo member MA reacts to Israel-Hamas clash baby