സമ്മേളനം നടത്തുന്നത് ശാസ്ത്രീയമായ രീതിയില്‍, കൊവിഡ് മാനദണ്ഡം പാലിച്ച്; പാര്‍ട്ടി സമ്മേളനങ്ങളെ ന്യായീകരിച്ച് എം.എ. ബേബി
Kerala News
സമ്മേളനം നടത്തുന്നത് ശാസ്ത്രീയമായ രീതിയില്‍, കൊവിഡ് മാനദണ്ഡം പാലിച്ച്; പാര്‍ട്ടി സമ്മേളനങ്ങളെ ന്യായീകരിച്ച് എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st January 2022, 1:30 pm

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സി.പി.ഐ.എം പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുന്നതില്‍ ന്യായീകരണവുമായി സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്നാണ് എം.എ. ബേബി പ്രതികരിച്ചത്. സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതുമടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം ന്യായീകരിച്ചു.

”എല്ലാം അടച്ചിടണം, ഇല്ലെങ്കില്‍ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ട് നിലപാടും ശരിയല്ല. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതി.

ശാരീരിക അകലം പാലിച്ചാണ് സി.പി.ഐ.എം സമ്മേളനങ്ങള്‍ നടത്തുന്നത്,” എം.എ. ബേബി പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെത്തന്നെ കാസര്‍കോടും തൃശൂരിലും നിരവധി പേരെ പങ്കെടുപ്പിച്ച് സി.പി.ഐ.എം പ്രതിനിധി സമ്മേളനം നടത്തുകയാണ്.

അതേസമയം കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടി നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചത് വിവാദമായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36ന് മുകളിലായതിനെത്തുടര്‍ന്നായിരുന്നു ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം കളക്ടര്‍ ഉത്തരവി പിന്‍വലിക്കുകയായിരുന്നു. സി.പി.ഐ.എം ജില്ലാ സമ്മേളനം നടത്തുന്നതിന് വേണ്ടിയാണ് കളക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്നാണ് ആരോപണമുയരുന്നത്.

അതേസമയം സി.പി.ഐ.എം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സി.പി.ഐ.എമ്മിന് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താന്‍ വേണ്ടിയാണെന്നും സമ്മേളനങ്ങള്‍ക്കായി കൊവിഡ് ചട്ടങ്ങള്‍ അട്ടിമറിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പാര്‍ട്ടി സമ്മേളനങ്ങളിലൂടെ നിരവധി പേര്‍ക്ക് രോഗം പടരുന്നുണ്ടെന്നും നേതാക്കള്‍ വിവിധ ജില്ലകളിലെത്തി രോഗം പടര്‍ത്തുകയാണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

”തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി, എം.എല്‍.എമാര്‍, നൂറുകണക്കിന് നേതാക്കള്‍ എന്നിവര്‍ക്കെല്ലാം വ്യാപകമായി കൊവിഡ് ബാധിച്ചു.

പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍ ക്വാറന്റൈനില്‍ പോവാതെ ഓരോ ജില്ലകളിലും രോഗവാഹകരായി നടന്ന് രോഗം വിതരണം ചെയ്യുകയാണ്.

പാര്‍ട്ടിക്ക് വേണ്ടി കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണ്,” പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: CPIM Politburo member MA Baby says Party Congress follows covid restrictions