| Monday, 22nd May 2023, 11:59 pm

മോദി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് ഉളുപ്പില്ലായ്മ; ആദിവാസി സ്ത്രീയായ രാഷ്ട്രപതിയോട് കാണിക്കുന്നത് ചരിത്രപരമായ വിവേചനം: എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഒരു ആദിവാസി സ്ത്രീ ആയതിനാൽ ആദരണീയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഈ ചടങ്ങില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തി എന്നത് ഗൗരവമുള്ള ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.

‘ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 79 പ്രകാരം പാര്‍ലമെന്റ് എന്നാല്‍ രാഷ്ട്രപതിയും രണ്ട് സഭകളും ആണ്, ഒന്ന് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സും(രാജ്യസഭ) മറ്റൊന്ന് ഹൗസ് ഓഫ് ദി പീപ്പിളും(ലോക്സഭ). എന്നിട്ട്, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ നിന്ന് സൗകര്യപൂര്‍വം രാഷ്ട്രപതിയെ മാറ്റിനിര്‍ത്തുന്നതിലെ അനൗചിത്യം നോക്കൂ! ഇന്നത്തെ യൂണിയന്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസിന്റെ രാഷ്ട്രീയംവെച്ചു നോക്കുമ്പോള്‍ ഇത് അറിവില്ലായ്മയല്ല. ഒരു ആദിവാസി സ്ത്രീ ആയതിനാൽ ആദരണീയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഈ ചടങ്ങില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തി എന്നത് ഗൗരവമുള്ള ആരോപണമാണ്.

ഇന്ത്യയിലെ ആദിമജനത തലമുറകളായി അസ്പൃശ്യത അനുഭവിച്ചവരാണ്. ഒരു ആദിവാസി സ്ത്രീ രാഷ്ട്രപതി ആയിരിക്കെ, അവര്‍ക്ക് ഇത്തരം ഒരു ചടങ്ങില്‍ നിന്ന് അസ്പൃശ്യത കല്‍പിച്ചുമാറ്റി നിർത്തുന്നത് ഇന്ത്യയിലെ കീഴ്ജാതിക്കാര്‍ക്കെല്ലാം നല്‍കുന്നത് വളരെ തെറ്റായ ഒരു സന്ദേശമാണ്, നിങ്ങളില്‍ ഒരാള്‍ രാഷ്ട്രപതി ആയാലും, അവര്‍ മുഖ്യഭാഗമായ സഭയുടെ ചടങ്ങില്‍ അവര്‍ക്ക് പ്രവേശനം ഉണ്ടാവില്ല എന്നതാണ് ആ സന്ദേശം. ചരിത്രപരമായ ഒരു വിവേചനം ആണിത്.

എന്നിട്ട് നാണമില്ലാതെ, മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള ബഹുമതി പ്രധാനമന്ത്രി തന്നെ ഏറ്റെടുത്തിരിക്കുന്നു! ശരിക്കും, സമാനതകളില്ലാത്ത ഉളുപ്പില്ലായ്മയുടെ പ്രദര്‍ശനം. നരേന്ദ്രമോദി ഈ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി, രാഷ്ട്രപതിയെ ഈ ചുമതല ഏല്‍പ്പിക്കണം,’ എം.എ. ബേബി പറഞ്ഞു.

ഹിന്ദുത്വ സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കറുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു.

‘ഇനി ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്ത ദിവസം നോക്കൂ! മഹാത്മാഗാന്ധി വധക്കേസില്‍ സാങ്കേതിക കാരണങ്ങളാല്‍ മാത്രം വിട്ടയക്കപ്പെട്ട വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജന്മദിനം! തടവില്‍ നിന്ന് പുറത്തിറങ്ങാന്‍ നാണംകെട്ട മാപ്പപേക്ഷകള്‍ അയച്ച് നമ്മുടെ സ്വാതന്ത്ര്യസമരത്തെ അപമാനിച്ച വര്‍ഗീയവാദി! പിന്നീട് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പെന്‍ഷന്‍ വാങ്ങി അവരുടെ സേവകനായി ശിഷ്ടകാലം ജീവിച്ച ഒറ്റുകാരന്‍.

നമ്മുടെ സ്വാതന്ത്ര്യത്തിനായി അക്ഷീണം പോരാടിയ ധീരരായ സ്വാതന്ത്ര്യസമരസേനാനികളെ ഇതില്‍ കൂടുതല്‍ അവഹേളിക്കുന്നത് എങ്ങനെയാണ്!,’ ബേബി കൂട്ടിച്ചേര്‍ത്തു.

Content Highlight: CPIM politburo member MA Baby said that the President should inaugurate the country’s new Parliament building. 

We use cookies to give you the best possible experience. Learn more